തലയോലപ്പറമ്പ്: കോട്ടയത്തിന്റെ അഭിമാനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ദുരിതയാത്രയ്ക്ക് ഇന്ന് ഒരു വർഷം തികയുകയാണ്. ഒരു വർഷമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയുടെ ചികിത്സയ്ക്ക്‌ പോലും പണമില്ലത്ത അവസ്ഥയിൽ ജീവിതമവസാനിപ്പിച്ച ഡി ഇങ്കിംഗ് പ്ലാന്റ് ഓപ്പറേറ്റർ ഒ.ജി ശിവദാസൻ നായർ കമ്പനിയിലെ ഇന്നത്തെ ജീവനക്കാരുടെ ദുരിതപൂർണ്ണമായ ജീവിതാവസ്ഥയുടെ നേർചിത്രമാണ് നമുക്ക് മുന്നിൽ തുറന്ന് വയ്ക്കുന്നത്.
നാടിന്റെ വികസനത്തിനായി ഒട്ടനവധി ജനക്ഷേമ പ്രവർത്തനങ്ങൾ കമ്പനി കാലങ്ങളായി നടത്തിപ്പോന്നിരുന്നുവെങ്കിൽ ഇന്ന് ഇവിടത്തെ ജീവനക്കാർക്ക് ഭക്ഷണത്തിനുള്ള വക കൊ‌ടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തങ്ങളുടെ കുടുംബ ചെലവുകൾക്കായി മറ്റ് തൊഴിലുകൾക്ക്‌ പോകേണ്ട അവസ്ഥയിലാണ് ഇവിടത്തെ തൊഴിലാളികൾ. ഉൽപ്പാദനം പുനരാരംഭിക്കുന്നതിനുള്ള പരിശ്രമങ്ങളുമായി ട്രേഡ് യൂണിയനുകൾ മുന്നോട്ട്‌ പോകുമ്പോഴുംകേന്ദ്ര സർക്കാരിന്റെ കച്ചവടതാൽപര്യത്തിനൊപ്പം കുട പിടിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സീകരിച്ചു വരുന്നത്. പ്രവർത്തന മൂലധനത്തിനായി കേന്ദ്ര സർക്കാരിനെ സമീപിച്ച ട്രേഡ് യൂണിയൻ നേതാക്കളോട് എച്ച്.എൻ.എല്ലിന്റെ സ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ ലിക്വിഡേഷനിലാണെന്നും അതിനാൽ ലിക്വിഡേറ്ററെ കാണാനും പറഞ്ഞ് ഒഴിയുന്ന സമീപനമാണ് സ്വീകരിച്ചത്. പേപ്പർ വാങ്ങുന്നവരിൽ നിന്ന് അഡ്വാൻസ് വാങ്ങി പ്രവർത്തന മൂലധനം കണ്ടെത്തണമെന്ന് നിർദ്ദേശിച്ചതു തന്നെ ഈ സ്ഥാപനത്തെ സഹായിക്കാൻ ഒന്നും ചെയ്യുകയില്ലെന്ന അധികൃതരുടെ സന്ദേശമാണ് .

സ്വകാര്യവൽക്കരണത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രക്ഷോഭവും സംസ്ഥാന സർക്കാരിന്റെ നിലപാടുകളുമാണ് കമ്പനിയെ ഇന്നും പൊതുമേഖലയിൽ നിലനിർത്തിയിരിക്കുന്നത്. കമ്പനി സ്വകാര്യവത്ക്കരിക്കരുതെന്നും ഏറ്റെടുക്കാൻ തയ്യാറാണെന്നുമുള്ള നിലപാടുമായി കേന്ദ്ര സർക്കാരിനെ സമീപിച്ച സംസ്ഥാന ഗവൺമെന്റിനോട്‌ ലേലത്തിൽ പങ്കെടുക്കുവാൻ പറഞ്ഞ കേന്ദ്ര സർക്കാർ നിലപാട് ചില കച്ചവട താൽപര്യങ്ങൾ മുൻനിർത്തിയാണ് എന്നതിന്റെ തെളിവാണെന്ന് തൊഴിലാളികൾ പറയുന്നു.


നിലവാരമില്ലാത്തതും കുറഞ്ഞ താപമൂല്യമുള്ളതുമായ കൽക്കരി വാങ്ങി

കുറഞ്ഞ വിലയ്ക്കുള്ള വനംവകുപ്പിന്റെ പൾപ്പ് വുഡ്‌ ശേഖരിക്കുന്നതിൽ വീഴ്ച

ഉയർന്നവിലയിൽ ഇതര സംസ്ഥാനങ്ങളിലെ പൾപ്പ് വുഡ്ിന്റെ ഇറക്കുമതി

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ന്യൂസ് പ്രിന്റിന്റെ ഇറക്കുമതിക്ക് അനുമതി

കമ്പനി സ്വകാര്യവത്ക്കരണത്തിന്‌ വേണ്ടിയുള്ള ശ്രമങ്ങൾ ഊർജിതമാക്കി

 600 ൽ അധികം ഏക്കർ വരുന്ന ഭൂമി കച്ചവടവത്ക്കരിക്കാൻ ലക്ഷ്യമിട്ടു


കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടുകളാണ് മിനി നവരത്‌ന ഗണത്തിൽ ഉൾപ്പെട്ടിരുന്ന എച്ച്.എൻ.എല്ലിനെ ഇന്നത്തെ ദുരവസ്ഥയിലേക്ക് എത്തിച്ചത്.കമ്പനി പൊതുമേഖലയിൽ നിലനിൽക്കണം എന്ന താൽപര്യത്തോടെ സംസ്ഥാന സർക്കാർ നൽകുന്ന സഹായങ്ങളാണ് ഇന്ന് കമ്പനിക്ക് ആശ്വാസമേകുന്നത്. നിലവിൽ വൈദ്യുതി, വനവിഭവങ്ങളുടെ ഇനങ്ങളിലായി സംസ്ഥാന സർക്കാരിന് നൽകേണ്ട കോടിക്കണക്കിന് രൂപയ്ക്ക് സാവകാശം നൽകിയ തീരുമാനം പ്രതിസന്ധികൾക്കിടയിലും കൈത്താങ്ങായാണ് ഇവിടത്ത ജീവനക്കാർ കാണുന്നത്.

സദാനന്ദൻ, പ്രദേശവാസി

സ്ഥിരം ജീവനക്കാർ 1000

അനുബന്ധജീവനം 1000

80 കോടി രൂപ മുതൽ മുടക്കിയാണ് 1982 എച്ച്.എൻ.എൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് മുതൽ 2009-2010 വരെ ഈ സ്ഥാപനം ലാഭ വിഹിതമായി 117കോടിയോളം രൂപ കേന്ദ്ര സർക്കാരിന് തിരിച്ചു നൽകുകയും ചെയ്തിരുന്നു. 2011 മുതൽ നഷ്ടത്തിലായ സ്ഥാപനത്തെ തൊഴിലാളികളുടെ കഠിന പ്രയത്‌നത്താൽ 2015-16 ൽ വീണ്ടും ലാഭത്തിലേക്കെത്തിക്കുവാൻ കഴിഞ്ഞു.