kurathikuady
കുറത്തിയിലെ ആദിവാസി ജനത

അടിമാലി: വിദൂര ആദിവാസി മേഖലയായ കുറത്തിക്കുടിയിൽ ചികിത്സാ സൗകര്യങ്ങളുടെ അഭാവം ഗോത്രനിവാസികൾക്ക് ദുരിതമാകുന്നു.മുതുവാൻ സമുദായക്കാർ പാർക്കുന്ന അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡാണ് വനത്താൽ ചുറ്റപ്പെട്ട കുറത്തുകുടി.അടിമാലിയിൽ നിന്നും നാൽപ്പത് കിലോമീറ്ററിലധികം സഞ്ചരിച്ച് വേണം ഈ ആദിവാസി ഊരിലെത്താൻ.പ്രാഥമിക വിദ്യാഭ്യാസ സൗകര്യവും റേഷൻ സംവിധാനവും കോളനിയിൽ ഒരുക്കിയിട്ടുണ്ടെങ്കിലും ചികിത്സാ സംബന്ധമായ സൗകര്യങ്ങളുടെ കുറവ് കോളനിയിലെ കുടുംബങ്ങൾക്ക് ചെറിയ ബുദ്ധിമുട്ടല്ല നൽകുന്നത്.

340ഓളം കുടുംബങ്ങൾ അധിവസിച്ചിട്ടും പേരിനു പോലുമൊരു ചികിത്സാ കേന്ദ്രം കുറത്തിക്കുടിയിൽ ഇല്ല.

പനി വന്നാൽ പോലും ചികിത്സ തേടണമെങ്കിൽ കാനനപാത താണ്ടി മാങ്കുളത്തോ അടിമാലിയിലോ കോതമംഗലത്തോ എത്തണം.

പുറം ലോകത്തു നിന്നും വല്ലപ്പോഴും എത്തുന്ന ആരോഗ്യപ്രവർത്തകരുടെ സേവനമാണ് കുറത്തിക്കുടിക്കാരുടെ ആകെയുള്ള ചികിത്സാ സംവിധാനം.അടിയന്തിര സാഹചര്യത്തിൽ കാട്ടുമൃഗാക്രമണം ഭയന്ന് ദുർഘടപാത കടന്ന് വേണം കോളനി നിവാസികൾക്ക് പുറം ലോകത്തെത്താൻ.ഏറ്റവും അടുത്തുള്ള മാങ്കുളത്ത് എത്തണമെങ്കിൽ പോലും നല്ല തുക മുടക്കണം.ചെറിയ അസുഖങ്ങളാണെങ്കിൽ ചിലവും യാത്രക്ലേശവുമോർത്ത് ചികിത്സ തേടി പോകാറില്ലെന്ന് ആദിവാസി കുടുംബങ്ങൾ പറഞ്ഞു.പ്രായമായവരും ഗർഭിണികളും നവജാത ശിശുക്കളുമെല്ലാം പുറംലോകത്തെന്നപോലെ കുറത്തിക്കുടിയിലും ജീവിക്കുന്നുണ്ട്.ആദിവാസി സങ്കേതത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കുറത്തിക്കുടിക്കായി ചികിത്സാ സൗകര്യമൊരുക്കണമെന്നാണ് ഗോത്രകുടുംബങ്ങളുടെ ആവശ്യം.