.

അടിമാലി: അടിമാലി താലൂക്കാശുപത്രിയോട് ചേർന്ന് നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും കൂടിയ വിലയുടെ മരുന്നുകൾ ലഭിക്കുന്നില്ലെന്ന് പരാതി.ആദിവാസി മേഖലകളിൽ നിന്നും തോട്ടം മേഖലകളിൽ നിന്നുമടക്കം ദിവസവും നൂറുകണക്കിന് രോഗികളാണ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.ഭൂരിഭാഗവും സാധാരണക്കാരാണ്.പക്ഷെ ആശുപത്രിയിലെ ഡോക്ടർമാരുടെ സൗജന്യ സേവനവും ചികിത്സയും ഒഴിച്ചാൽ കൂടിയ വിലയുടെ മരുന്നുകൾ അത്രയും പുറത്തു നിന്നും വാങ്ങേണ്ടി വരുന്നതായി രോഗികൾ പറയുന്നു.ആശുപത്രിയിൽ തന്നെ സജ്ജമാക്കിയിട്ടുള്ള ഫാർമസിയിൽ നിന്നും ആശുപത്രിയോട് ചേർന്ന നീതിമെഡിക്കൽ സ്റ്റോറിൽ നിന്നുമാണ് രോഗികൾ ഏറെയും മരുന്ന് വാങ്ങാൻ എത്താറുള്ളത്.ഡോക്ടറുടെ കുറിപ്പടി നൽകിയാൽ ചില മരുന്നുകൾ പുറത്തു നിന്നു വാങ്ങണമെന്ന മറുപടി ജീവനക്കാരുടെ ഭാഗത്തു നിന്നും ലഭിക്കും.ശേഷിക്കുന്ന മരുന്നുകൾ വാങ്ങാൻ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ എത്തുമ്പോഴേക്കും അവയിൽ ഭൂരിഭാഗവും കൂടിയ വിലയുടെ മരുന്നുകളാണെന്ന വിവരം രോഗികൾ തിരിച്ചറിയുകയുള്ളു.ദേവികുളം താലൂക്കിലെയും ഉടുമ്പൻചോല താലൂക്കിലേയും ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന ആശുപത്രിയെന്ന നിലയിൽ കുറഞ്ഞവിലയുടെ മരുന്നുകളും കൂടിയ വിലയുടെ മരുന്നുകളും ഒരേ പോലെ ആശുപത്രിയിൽ ലഭ്യമാക്കാൻ ആരോഗ്യവിഭാഗം നടപടി സ്വീകരിക്കേണ്ടതായുണ്ട്.