തലയോലപ്പറമ്പ്: റെയിൽ ട്രാക്കിലെ വൈദ്യുതലൈനിൽ അറ്റകുറ്റപണി നടത്തുന്നതിനിടയിൽ വനിതയടക്കം രണ്ട് റെയിൽവേ ജീവനക്കാർക്ക് വൈദ്യുതാഘാതമേറ്റു. റെയിൽവേ എറണാകുളം ട്രാക്ക്‌ഷെനിലെ ഇലട്രിക്കൽ മെയിന്റനൻസ് ഹെൽപ്പർമാരായ മൂവാറ്റുപുഴ രണ്ടാർ കാർത്തികയിൽ മഹേഷ് കുമാർ (57) എറണാകുളം കത്രിക്കടവ് റെയിൽവേ കോട്ടേഴ്‌സിൽ താമസിക്കുന്ന സാബിറ ബീഗം (24) എന്നിവർക്കാണ് പരിക്കേറ്റത്. മെയിന്റനൻസ് വർക്കിനായി എത്തിയ കൂടെ ഉണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇവരെ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹമാസകലം പൊളളലേറ്റ മഹേഷിന്റെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് 12ന് വൈക്കം പിറവം റോഡ് റെയിൽവേ സ്‌റ്റേഷന് സമീപം വെള്ളൂർ കല്ലിങ്കൽ ഭാഗത്തുള്ള റെയിൽവേയുടെ എസ്.പി. സബ് സ്റ്റേഷന് മുൻവശത്താണ് അപകടം. അപ് ആന്റ് ഡൗൺലൈനിലെ ഒരു വശത്തെ ലൈൻ ഓഫാക്കിയ ശേഷം റെയിൽവേ ട്രാക്കിന് മുകളിലെ വൈദ്യുതി ലൈനിലെ അറ്റകുറ്റപണി നടത്തുന്നതിനിടയിൽ 12 മീറ്റർ ഉയരമുള്ള അലുമിനിയം ലാഡർ ഉയർത്തുന്നതിനിടെ ലാഡർ തെന്നി എതിർവശത്തുള്ള പാളത്തിലൂടെ കടന്ന് പോകുന്ന ലൈനിലെ ക്രോസിൽ തട്ടുകയായിരുന്നു. 25000 വോൾട്ട് വൈദ്യുതി പ്രവഹിക്കുന്ന ലൈനിൽ നിന്നും വൈദ്യുത ആഘാതമേറ്റ് മഹേഷ് തെറിച്ച് പാളത്തിൽവീണു. ലാഡർ തട്ടിയതിനെ തുടർന്ന് ഉടൻ ലൈൻ ട്രിപ്പായതിനാലാണ് കൂടുതൽ പൊള്ളലേൽക്കാതെ ഇയാൾ രക്ഷപ്പെടുത്താനായത്. ലാഡർ സ്പർശിച്ചാണ് ഇതിന് സമീപത്ത് നിന്ന സാബിറക്ക് ആഘാതമേറ്റത്. രണ്ട് ലൈനുകൾ കൂടുന്ന സ്ഥലമായതിനാൽ ഈ ഭാഗത്ത് പ്രസരണ ശേഷി കൂടുതലാണ്. തലയോലപ്പറമ്പ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.