കണമല : 21 കിലോമീറ്റർ ദൂരമുള്ള ശബരിമല വനപാത വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കിയെന്ന വനംവകുപ്പിന്റെ വാദം തള്ളി നാട്ടുകാർ. ഇപ്പോഴും പൊന്തക്കാടുകൾ തിങ്ങിവളർന്നു നിൽക്കുകയാണ് പാതയിൽ. അഴുത മുതൽ പമ്പ വരെയാണ് കാനനപാതയുടെ ദൈർഘ്യം. അഴുതയിലേക്ക് കണമല വഴിറോഡ് മാർഗം എത്താം. അഴുതയാർ അക്കരെ കടന്നാണ് കാനനയാത്ര ആരംഭിക്കുന്നത്. അഴുത വരെ എരുമേലിയിലെ ഇരുമ്പൂന്നിക്കരയിൽ നിന്നാരംഭിക്കുന്ന കാനന പാതയുണ്ട്. ഇത് കാളകെട്ടി ശിവപാർവതിക്ഷേത്രത്തിലാണ് അവസാനിക്കുന്നത്. ഇടുക്കി ജില്ലയിലെ സത്രം ഉപ്പുപാറ പുല്ലുമേട് വഴി മറ്റൊരു കാനന പാത കൂടി ശബരിമലക്കുണ്ട്.

ആനകളും വന്യമൃഗങ്ങളും നിറഞ്ഞ പാതകൾ ശബരിമല തീർത്ഥാടനകാലത്താണ് ജനസഞ്ചാരത്തിനായി മാറുന്നത്. പലപ്പോഴും കാട്ടുമൃഗങ്ങളുടെ ഉപദ്രവങ്ങൾക്ക് തീർത്ഥാടകർ ഇരയായിട്ടുണ്ട്. ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് വനംവകുപ്പിലെ വിവിധ കമ്മറ്റികളുടെനേതൃത്വത്തിൽ നാട്ടുകാരും വനപാലകരുംചേർന്നാണ് പാതകൾ വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കുക. വനംവകുപ്പാണ് പാതകളിൽ കടകൾ നടത്താൻ കർശന വ്യവസ്ഥകളോടെ അനുമതി നൽകുക. കടകൾ നടത്തുന്നവർ തീർത്ഥാടകർക്ക് വിവിധസേവനങ്ങളും ലഭ്യമാക്കണം. ഇത് കൂടാതെ വനംവകുപ്പിന്റെ സേവനകേന്ദ്രങ്ങൾ, ആരോഗ്യ വകുപ്പിന്റെ ക്ലിനിക്കുകൾ ഓക്‌സിജൻ പാർലറുകൾ, അഗ്‌നിശമനസേന യൂണിറ്റ്, പൊലീസ് എയ്ഡ്‌പോസ്റ്റ്, എലിഫന്റ് സ്‌ക്വാഡ് തുടങ്ങിയവയും പ്രവർത്തിക്കും. തീർത്ഥാടനകാലം പാതിയോളം എത്തുമ്പോഴാണ് കാനനപാതകളിൽ തീർത്ഥാടകർ സജീവമാവുക. കഴിഞ്ഞ വർഷം പാതകൾ സഞ്ചാരയോഗ്യമാക്കിയെന്ന വനംവകുപ്പ് വാർത്ത എങ്ങനെ സംഭവിച്ചതാണെന്ന് അറിയില്ലെന്ന് പമ്പ ഫോറസ്റ്റ്‌ റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നു.

കാനനപാതയുടെ ദൈർഘ്യം :

അഴുത മുതൽ പമ്പ വരെ