കുമരകം.: ഓൾഡ് കുമരകം റോഡ് നവീകരണം സ്വകാര്യ ബാർഹോട്ടലിനെ സഹായിക്കാനെന്ന ആരോപണം ശക്തമാകുന്നു. വർഷങ്ങളായി കാൽനട സഞ്ചാരം പോലുമില്ലാത്ത റോഡ് ലക്ഷങ്ങൾ മുടക്കി നവീകരിക്കുന്നതാണ് ആക്ഷേപങ്ങൾക്ക് കാരണം. നിലവിൽ കുമരകം റോഡിൽ നിന്നും ഏകദേശം 250 മീറ്റർ ദൂരത്തിൽ കാരിക്കത്തറ പാലം വരെ മാത്രമാണ് ഓൾഡ് കുമരകം റോഡ് സഞ്ചാരയോഗ്യമായുള്ളത്. നവംബർ ഒന്നിന് റോഡ് അളന്ന് തിട്ടപ്പെടുത്തി സ്ഥലം ടൂറിസം വകുപ്പിന് റോഡ് നിർമ്മാണത്തിനായി നൽകുമെന്ന് കുമരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോൻ പറഞ്ഞു. രണ്ടാം കലുങ്ക് പ്രദേശം മുതൽ കോണത്താറ്റ് പാലം വരെ നീളുന്ന ഓൾഡ് കുമരകം റോഡിന് മൂന്ന് മീറ്റർവീതി മാത്രമാണുള്ളത്. കുമരകം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഓൾഡ് കുമരകം റോഡ് അളന്ന് തിട്ടപ്പെടുത്തി ടൂറിസം വകുപ്പിൽ നിന്നും നാല് കോടി രൂപയുടെ പ്രോജക്ട് അംഗീകാരം വാങ്ങിയിരുന്നെങ്കിലും ധനകാര്യവകുപ്പിന്റെ അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. ആറ്റാമംഗലം പള്ളിയ്ക്ക് സമീപത്തു നിന്നും പാലം വരെ മാത്രമാണ് ഇപ്പോൾ റോഡുള്ളത്. റോഡിലൂടെ സഞ്ചാരം സാദ്ധ്യമാകണമെങ്കിൽ മൂന്ന് കലുങ്കുകളും നിർമ്മിക്കണം. എം.എൽ.എ ഫണ്ടിൽ നിന്നും 65 ലക്ഷം രൂപയോളം ചെലവിട്ട് നിർമ്മിച്ച മങ്കുഴി പാലത്തിനെ തുടർന്ന് റോഡ് ഇല്ലാത്തതിനാൽ നൂറ് കണക്കിന് ആളുകളാണ് യാത്രാ ദുരിതം അനുഭവിക്കുന്നത്. ഓൾഡ് കുമരകം റോഡിന് പകരം കോട്ടത്തോടിന്റെ മറുകരയിലൂടെ മങ്കുഴി പാലത്തിന്റെ തുടർച്ചയായുള്ള റോഡ് നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.