വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് കൊടിയേറ്റാൻ ഇനി കിഴക്കിനേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരിയില്ല. ഹൃദ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ മരണമടഞ്ഞതോടെ വൈക്കം ക്ഷേത്രത്തിന് നഷ്ടമായത് എണ്ണപ്പെട്ട താന്ത്രിക ആചാര്യനെയാണ്. 35 വർഷക്കാലം വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു നാരായണൻ നമ്പൂതിരി. ഇരുക്ഷേത്രത്തിലും ഉത്സവ കൊടിയേറ്റ് ഒന്നിടവിട്ടവർഷങ്ങളിൽ നിർവഹിക്കുന്നത് മറ്റപ്പള്ളി മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടേയും കിഴക്കിനേടത്ത് മേക്കാട്ട്‌നാരായണൻ നമ്പൂതിരിയുടേയും കുടുംബങ്ങളാണ്. ഇക്കുറി അഷ്ടമി ഉത്സവ കൊടിയേറ്റിനുള്ള ഊഴം കിഴക്കിനേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരിയ്ക്കായിരുന്നു.വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് പുറമെ ഗജപൂജ, ആനയൂട്ട്, വടക്കു പുറത്തു പാട്ട്, അഷ്ടബന്ധകലശം തെക്കും കോവിൽ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ ഉദയനാപുരം ക്ഷേത്രത്തിൽ നടന്ന കുമാര കലശം എന്നി ചടങ്ങുകളിലും നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചിട്ടുണ്ട്.
വൈക്കം മഹാദേവക്ഷേത്രം മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് താന്ത്രിക അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും വ്യത്യസ്തത പുലർത്തുന്നു. ഇവിടെ മേക്കാട്ട് കുടുംബവും മറ്റപ്പള്ളി കുടുംബവും തന്ത്രി മുഖ്യപദം പങ്കിടുകയാണ്. ക്ഷേത്ര ഭാരവാഹികളോടും ഭക്തജനങ്ങളോടും മേക്കാട് നാരായണൻ നമ്പൂതിരി അടുത്തിടപഴകിയിരുന്നു. പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്ത് നിന്നെത്തി മൂന്നര പതിറ്റാണ്ടായി വൈക്കത്ത് നിറസാന്നിദ്ധ്യമായിരുന്ന സാത്വികനായ താന്ത്രിക കുലപതിയുടെ വേർപാട് വൈക്കത്തെ പൊതുസമുഹത്തെയും നൊമ്പരത്തിലാഴ്ത്തി.