കണമല : ഓട്ടത്തിനിടെ റോഡിലെ ചെളിയിൽ ടയറുകൾ പുതഞ്ഞ് പാളിയ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മരത്തിലിടിച്ചു. എയ്ഞ്ചൽവാലി ആറാട്ടുകയം താഴ്ത്തുപീടിക വളവിലാണ് സംഭവം. എരുമേലി - പമ്പാവാലി - ചങ്ങനാശേരി റൂട്ടിലോടുന്ന ഹോളിമേരി ബസാണ് അപകടത്തിൽപെട്ടത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. നാട്ടുകാർ പിക്ക് അപ്പ് വാനിൽ കയർ കെട്ടി വലിച്ച് ബസ് ഉയർത്തി റോഡിലേക്ക് മാറ്റി. ഒരു വർഷം മുമ്പ് പ്രളയത്തിൽ അടിഞ്ഞ മണ്ണാണ് റോഡിലേക്ക് അടർന്നുവീണ് നിരന്ന് ചെളിയായി മാറിയത്. കഴിഞ്ഞയിടെയും മണ്ണിടിഞ്ഞ് റോഡ് ചെളിക്കുണ്ടായി മാറിയിരുന്നു. അന്ന് കണമല വാർഡ് അംഗം അനീഷ് വാഴയിൽ ഇടപെട്ട് ചെളി നീക്കിച്ചിരുന്നു.
അപകടം വീണ്ടും സംഭവിക്കാതിരിക്കാൻ അടിയന്തിരമായി റോഡിലെ ചെളി നീക്കുകയും ഒപ്പം മൺതിട്ട പൂർണമായി നീക്കം ചെയ്യണമെന്നും വാർഡംഗം ആവശ്യപ്പെട്ടു. പ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും മണ്ണിടിച്ചിൽ പരിഹരിക്കാൻ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്.