വൈക്കം: പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം നൽകിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പാക്കിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി മാങ്കുളം കൊച്ചുപറമ്പിൽ ജിൻസൺ (37) ആണ് ഇന്നലെ കടുത്തുരുത്തി പൊലീസ് പിടികൂടിയത്. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ ജിൻസൺ കൗമാരക്കാരനെ കൊണ്ട് മദ്യം വാങ്ങിപ്പിച്ച ശേഷം രാത്രിയിൽ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. തുടർന്ന് മദ്യലഹരിയിൽ അബോധാവസ്ഥയിലായ കൗമാരക്കാരനെ ബൈക്കിന് പിന്നിലിരുത്തി വീടിന് സമീപമെത്തിച്ച ശേഷം ഇയാൾ കടന്നു കളഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്തതോടെ ഇയാൾ മുങ്ങി നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ കോടതിയിൽ ഹാജരാക്കി പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.