തിരുവല്ല : പെരുന്തുരുത്തിയിൽ വിരണ്ടോടിയ എരുമ പരിഭ്രാന്തി പരത്തി. മണിക്കൂറുകൾ നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിറുത്തിയ എരുമയെ ഒടുവിൽ മയക്കുവെടിവച്ച് തളച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ളായിക്കാട് മംഗലശേരിൻ ജോജോയുടെ എരുമ ശനിയാഴ്ച സന്ധ്യയോടെയാണ് കയർപൊട്ടിച്ച് വിരണ്ടോടിയത്. പുഷ്പഗിരി മെഡിസിറ്റിക്ക് പിന്നിലെ അഞ്ചേക്കറോളം വരുന്ന ചതുപ്പുനിലത്തിലിറങ്ങിയ എരുമയെ പിടികൂടാൻ ഉടമയടക്കമുള്ളവർ ശ്രമിച്ചെങ്കിൽ എരുമ അവർക്ക് നേരെ തിരിയുകയായിരുന്നു.

സന്ധ്യയായതോടെ ഉദ്യമം ഉപേക്ഷിച്ച് ഉടമയും നാട്ടുകാരും മടങ്ങി. ഞായറാഴ്ച പുലർച്ചെ എരുമയെ തിരഞ്ഞ് ഉടമയും സുഹൃത്തുക്കളും എത്തിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് ചൊവ്വാഴ്ച വൈകിട്ടോടെ ചതുപ്പുനിലത്തിന്റെ വടക്ക് ഭാഗത്ത് കണ്ടെത്തി. കുരുക്കിട്ട് പിടികൂടാൻ കയറുമായി ചതുപ്പിലിറങ്ങിയവരെയെല്ലാം എരുമ വിരട്ടി കരയ്ക്ക് കയറ്റി. അനുനയിപ്പിച്ച് കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങളെല്ലാം പാഴായതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ സംഭവം വാർഡ് മെമ്പർ ക്രിസ്റ്റഫർ ഫിലിപ്പ് തഹസിൽദാർ കെ.ശ്രീകുമാറിനെ അറിയിച്ചു. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. എരുമയെ കരകയറ്റാൻ ഫയർഫോഴ്സ് സംഘം നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ഓഫീസർ ഡോ. അംബികയും കോട്ടയത്തു നിന്നുള്ള എലിഫെന്റ് സ്ക്വാഡും സ്ഥലത്തെത്തി. വൈകിട്ട് ആറുമണിയോടെ സ്ഥലത്തെത്തിയ സബ് കളക്ടർ വിനയ് ഗോയൽ മയക്കുവെടിവച്ച് എരുമയെ തളയ്ക്കാൻ എലിഫെന്റ് സ്ക്വാഡിലെ ഡോ. ബിനുവിന് നിർദ്ദേശം നൽകി. ആദ്യ രണ്ടു വെടിയിൽ മയങ്ങാതിരുന്ന എരുമയെ മൂന്നാം വെടിയിലൂടെയാണ് വീഴ്ത്തിയത്. വെടികൊണ്ട് ഒരു മണിക്കൂറിന് ശേഷമാണ് എരുമയെ തളയ്ക്കാനായത്. കുരുക്കിലാക്കിയ എരുമയെ മിനിലോറിയിൽ ഉടമയുടെ വീട്ടിലേക്ക് കൊണ്ടു പോയി