വൈക്കം : അഷ്ടമിക്ക് മഹാദേവ ക്ഷേത്രത്തിൽ സമൂഹങ്ങൾ നടത്തിവരുന്ന സന്ധ്യവേല നാളെ ആരംഭിക്കും. കൊടിയേറ്റിന് മുൻപായി നടത്തുന്ന സമൂഹങ്ങളുടെ സന്ധ്യ വേലയിൽ ആദ്യത്തേത് വൈക്കം സമൂഹമാണ് നടത്തി വരുന്നത്. സന്ധ്യ വേലയുടെ പ്രാതലിന് അരിയളക്കൽ ഇന്ന് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര കലവറയിൽ സമൂഹം പ്രസിഡന്റ് ബാലചന്ദ്രൻ നിർവഹിക്കും. തുടർന്ന് സമൂഹം ഹാളിലും അരിയളക്കൽ ചടങ്ങു നടത്തും. സന്ധ്യ വേല ദിവസം രാവിലേയും വൈകിട്ടും വൈക്കത്തപ്പന്റെ തിടമ്പ് ആനപ്പുറത്തെഴുന്നള്ളിക്കും. മുറജപം, വിശേഷാൽ അഭിഷേകങ്ങൾ എന്നിവയും ഉണ്ടാവും. ദീപാരാധനയ്ക്ക് ശേഷം ആചാരപ്രകാരം ഒറ്റപ്പണ സമർപ്പണം നടക്കും. ബലിക്കൽ പുരയിൽ വെള്ള പട്ട് വിരിച്ച് സമൂഹം സെക്രട്ടറി കെ.സി. കൃഷ്ണമൂർത്തി സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്ത് പെരുംതൃക്കോവിലപ്പൻ, തുടർന്ന് ഉദയനാപുരത്തപ്പൻ, തന്ത്റി കിഴക്കിന്നേടത്ത് മേക്കാട്ട് നമ്പൂതിരി, തന്ത്റി ഭദ്റകാളി മറ്റപ്പള്ളി നമ്പൂതിരി, മേൽശാന്തിമാർ, കീഴ്ശാന്തിമാർ, മൂസതുമാർ ,കിഴിക്കാർ, പട്ടോലക്കാർ തുടങ്ങിയവരെ യഥാക്രമം ഒറ്റപ്പണം സമർപ്പിക്കൽ ചടങ്ങിന് ക്ഷണിക്കും. പിന്നിട് പണം കിഴികെട്ടി തലച്ചുമടായി വേദമന്ത്റോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ദേവസ്വം ഓഫിസിൽ എൽപ്പിക്കും. സമർപ്പിച്ച പണത്തിൽ നിന്നും ഒരു നാണയം സൂക്ഷിക്കും. ഇത് അടുത്ത സന്ധ്യ വേലയുടെ പ്രാരംഭ ചടങ്ങുകൾക്കായി ഉപയോഗിക്കും.