കോട്ടയം : കേരളത്തിന്റെ കുഞ്ഞൂഞ്ഞ് ഇന്നലെ 76ന്റെ പടികൾ കയറി. പതിവ് പോലെ പിറന്നാൾ ദിനം പ്രത്യേക ആഘോഷങ്ങളില്ലാതെ കടന്നുപോയി . നിയമസഭാ സമ്മേളനത്തിലായിരുന്നതിനാൽ പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയില്ല . വൈകിട്ട് ആന്ധ്രയ്ക് പറന്നു . 76ലും 25 ന്റെ ചുറുചുറുക്കോടെ ഓടി നടക്കുന്ന ഈ പുതുപ്പള്ളിക്കാരൻ മലയാളക്കരയും കടന്ന്‍ തെലുങ്കാനയിൽ തന്റെ ചാണക്യതന്ത്രം മെനയുകയാണിപ്പോൾ. കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി, തൊഴിൽ മന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി എന്നിങ്ങനെ പ്രധാനപ്പെട്ട എല്ലാ സ്ഥാനങ്ങളും വഹിച്ച ഉമ്മൻചാണ്ടി എ.എ.സി.സി ജനറൽ സെക്രട്ടറിയെന്ന നിലയ്ക്കാണ് ഇപ്പോൾ നേതൃനിരയിൽ സജീവം

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കുമരകത്താണ് ജനനം. ഹൈസ്കൂൾ പഠനകാലത്ത് കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പിൽക്കാല രാഷ്ട്രീയത്തിൽ നിരവധി പ്രഗത്ഭരെ സംഭാവന ചെയ്ത ഒരണ സമരത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 49 വർഷമായി പുതുപ്പള്ളി എം.എൽ.എയായ ഉമ്മൻചാണ്ടി കെ.എം മാണിക്കു പിന്നാലെ കൂടുതൽ കാലം തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്നു ജയിക്കുന്ന നേതാവാണ്.