വൈക്കം : വാളയാറിൽ പട്ടികജാതി പെൺകുട്ടികളുടെ മരണത്തിൽ കുറ്റക്കാരെ വെറുതേ വിടാൻ കാരണമായ കുറ്റപത്രം തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും പുനരന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്നും കേരള വേലൻ മഹാസഭ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.ജി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എസ്. ബാഹുലേയൻ, വൈസ് പ്രസിഡന്റുമാരായ എൻ.വി.തമ്പി, വി.എൻ.കുട്ടപ്പൻ, ജോ. സെക്രട്ടറിമാരായ സരസ്വതി മോഹൻ, സജി തായ് മംഗലം, വി.ശങ്കു എന്നിവർ സംസാരിച്ചു.
വാളയാറിലെ ദളിത് പെൺകുട്ടികളുടെ കൊലപാതക കേസിന്റെ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് കെ.പി.എം.എസ് വൈക്കം യൂണിയൻ കമ്മറ്റി ആവശ്യപ്പെട്ടു.പട്ടിക വിഭാഗങ്ങൾക്ക് നേരേയുണ്ടാകുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സി.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി.അപ്പുക്കുട്ടൻ പ്രമേയം അവതരിപ്പിച്ചു.
വാളയാർ കേസിൽ ഇരകളായ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് കേരള വേലൻ മഹാജന സഭ വൈക്കം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് എം.കെ.രവി അദ്ധ്യക്ഷത വഹിച്ചു.
വാളയാർ കേസ് പുനരന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കുകയും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ പട്ടികജാതി പീഡനനിരോധന നിയമമനുസരിച്ച് ശിക്ഷിക്കുകയും വേണമെന്ന് ഇൻഡ്യൻ ദലിത് ഫെഡറേഷൻ വൈക്കം താലൂക്ക് കമ്മറ്റി അധികാരികളോടാവശ്യപ്പെട്ടു.