പാലാ : മഹാകവികളായ കുമാരനാശാനേയും പാലാ നാരായണൻ നായരെയും തിരിച്ചറിയാൻ കഴിയാത്ത 'പോത്തുകളാണ്' നഗരസഭാംഗങ്ങളെന്ന സഫലം മാസികയിലെ പരാമർശം വിവാദത്തിൽ. ഇടതുമുന്നണി ഭരിക്കുന്ന കിഴതടിയൂർ സഹകരണ ബാങ്കിന്റെ പ്രസീദ്ധീകരണമാണിത്. ഇവിലെ ആക്ഷേപഹാസ്യ പംക്തിയിൽ ഗുരുവും ശിഷ്യനും തമ്മിലുള്ള ചോദ്യോത്തരമായാണ് വിവാദ പരാമർശം വന്നത്.
ശിഷ്യൻ ചോദിക്കുന്നു: ' അല്ലെങ്കിലും ഗുരോ, കവികളും സാഹിത്യകാരന്മാരുമാക്കെ പണ്ടേ പരിധിക്കു പുറത്തല്ലേ? ഇതൊക്കെ വിളിച്ചു പറയാൻ നമുക്കൊരു സഞ്ജയൻ ഇല്ലാതെ പോയല്ലോ ഗുരോ? ഇതിന് ഉത്തരമായി ഗുരു പറയുകയാണ് ' അതിന് പോത്തുകൾക്ക് അറിയുമോ, ഏത്തവാഴയ്ക്ക? സാഹിത്യകാരൻ കൂടിയായ എഡിറ്റർ രവി പുലിയന്നൂരാണ് ഈ പംക്തി കൈകാര്യം ചെയ്യുന്നത്.

സാഹിത്യകാരന്മാർക്ക് വിവേകം വേണം: ബിജി ജോജോ

പരാമർശം അല്പം കടന്ന കൈയായിപ്പോയെന്ന് നഗരസഭ ചെയർപേഴ്സൺ ബിജി ജോജോ പ്രതികരിച്ചു. സാഹിത്യകാരന്മാരെക്കുറിച്ചും മഹാകവികളെക്കുറിച്ചും നല്ല ധാരണയുള്ളവരാണ് കൗൺസിലർമാർ. ഞങ്ങളെ മനുഷ്യരായെങ്കിലും കാണാനുള്ള വിവേകം സാഹിത്യകാരന്മാർ കാണിക്കണമായിരുന്നു. ഇതു സംബന്ധിച്ച് നഗരസഭയ്ക്കുള്ള പ്രതിഷേധം എഡിറ്ററെ കത്തിലൂടെ അറിയിക്കും.