കടനാട് : റോഡ് നിർമ്മാണത്തിന്റെ മറവിൽ കടനാട് പഞ്ചായത്തിൽ നടന്ന കരിങ്കൽ കൊള്ളക്കെതിരെ ജില്ലാ കളക്ടർക്കും, ജില്ലാ പൊലീസ് ചീഫിനും ഇന്ന് പഞ്ചായത്ത് സെക്രട്ടറി പരാതി നൽകും. ഇത് സംബന്ധിച്ച് മേലുകാവ് പൊലീസിൽ ആഴ്ചകൾക്ക് മുൻപ് പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉന്നത അധികാരികൾക്ക് പരാതി നൽകുന്നതെന്ന് സെക്രട്ടറി മനോജ് പറഞ്ഞു.
ഇതേ സമയം കരിങ്കൽ കടത്തിനെതിരെ ആദ്യം നടപടി തുടങ്ങിയ മുൻ പഞ്ചായത്ത് സെക്രട്ടറിയെ ഭരണസമിതിയിലെ രണ്ടുപേർ ഇടപെട്ട് സ്ഥലം മാറ്റിയതാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്. കരിങ്കൽ കടത്തിന് പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരും ഒത്താശ ചെയ്തതായി ആരോപണമുയർന്നിട്ടുണ്ട്. മുമ്പുണ്ടായിരുന്ന അളവ് അറിയാത്തതിനാൽ സംഭവസ്ഥലത്തു നിന്നു കടത്തിയ കരിങ്കല്ലിന്റെയും മണ്ണിന്റെയും കണക്ക് എടുക്കാൻ ബുദ്ധിമുട്ടാണെന്ന് കാട്ടി പഞ്ചായത്തിലെ എൻജിനിയർ, സെക്രട്ടറിയെ രേഖാമൂലം അറിയിക്കാനായി പഞ്ചായത്ത് ഓഫീസിൽ കത്ത് ഏൽപ്പിച്ചിരുന്നു. എന്നാൽ ഒരു ക്ലർക്ക് ഈ രേഖ സെക്രട്ടറിക്ക് കൈമാറാതെ ഒരാഴ്ചയോളം പൂഴ്ത്തിവച്ചു. സംഭവമറിഞ്ഞ സെക്രട്ടറി ക്ലർക്കിനെ വിളിച്ചു വരുത്തി താക്കീത് ചെയ്തു. പഞ്ചായത്ത് സമിതിയിലെ ഒരു ഉന്നതൻ പറഞ്ഞിട്ടാണ് രേഖ പൂഴ്ത്തിയതെന്നായിരുന്നു ക്ലർക്കിന്റെ മറുപടി.

''പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരമോ, പഞ്ചായത്ത് രാജ് ചട്ടപ്രകാരമുള്ള നടപടിയോ പാലിക്കാതെയാണ് റോഡ് കുഴിച്ച് വൻ തോതിൽ കരിങ്കല്ലും മണ്ണും നീക്കിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ സ്ഥലം സന്ദർശിച്ചു. ഗുരുതരമായ ക്രമക്കേട് ബോധ്യപ്പെട്ടതിനാൽ സ്റ്റോപ്പ് മെമ്മോ കൊടുത്തു. നഷ്ടപ്പെട്ട കല്ലിന്റേയും മണ്ണിന്റേയും കണക്കെടുക്കാൻ എൻജിനിയർക്ക് അടിയന്തിര നിർദ്ദേശം കൊത്തിരുന്നു. ഇതിനിടെയാണ് സ്ഥലം മാറ്റമുണ്ടായത്.

സജിത് മാത്യൂസ്, മുൻ സെക്രട്ടറി


വാർത്തകളുടെ ഉറവിടം തേടി
കരിങ്കൽ കടത്തുമായി ബന്ധപ്പെട്ടുള്ള രഹസ്യചർച്ചകൾ വരെ വാർത്തയാകുന്നതിന്റെ ഉറവിടം തേടി ഭരണനേതൃത്വത്തിലെ ചിലർ. ചർച്ചകൾ നടക്കുന്നത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും ജീവനക്കാർ സൂക്ഷിച്ചേ സംസാരിക്കാവൂ എന്നും ഭരണസമിതിയിലെ ഒരു ഉന്നതൻ ജീവനക്കാർക്കും, സഹമെമ്പർമാർക്കും നിർദ്ദേശം നൽകി.