പാലാ : യാത്രക്കാർക്കും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബസ് ഉടമകൾക്കും ആശ്വാസമായി കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ആധുനിക നിലവാരത്തിൽ മെച്ചപ്പെടുത്തുന്നു. ഇതിനുള്ള 28 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ അറിയിച്ചു. സ്റ്റാൻഡിന്റെ ദുരവസ്ഥയെപ്പറ്റി കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. മണ്ണിട്ട് ഉയർത്തിയ സ്ഥലമായിരുന്നതിനാൽ നഗരസഭ വർഷം തോറും ടാറിംഗ് നടത്തിയിരുന്നെങ്കിലും മഴക്കാലമായാൽ മുഴുവൻ തകർന്ന് കുഴികൾ രൂപപ്പെടുകയായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ സ്റ്റാൻഡ് മുഴുവൻ വെള്ളം കയറി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. ശാശ്വത പരിഹാരമായി നഗരസഭാധികൃതർ വിദഗ്ദ്ധസമിതിയെ കൊണ്ട് സ്ഥല പരിശോധന നടത്തുകയും അവരുടെ നിർദ്ദേശ പ്രകാരം സ്റ്റാൻഡ് മുഴുവൻ പേവിംഗ് ടൈൽ പാകുന്നതിന് 28 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിക്കുകയുമായിരുന്നു. ഇതിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.
ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ബിജി ജോജോ,ചെയർപേഴ്‌സൺ