s

തലയോലപ്പറമ്പ്: ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ന്യൂസ് പ്രിന്റ് എംപ്ലോയീസ് കോ-ഒാപ്പറേറ്റീവ് ബാങ്കിന്റെ കീഴിലുള്ള സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനം ഇന്ന് പുനരാരംഭിക്കും. ഒരു വർഷമായി ഫാക്ടറിയിലെ ജീവനക്കാർക്ക് ശമ്പളം ഇല്ലാത്തതിനാൽ സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനവും നിലച്ചിരുന്നു. ശമ്പളം ലഭിക്കുമ്പോൾ പണം നൽകിയാൽ മതിയെന്ന ധാരണയിൽ ഫാക്ടറിയിലെ ജീവനക്കാർക്ക് ആവശ്യമായ സാധനങ്ങൾ ഇവിടെ നിന്ന് പരിധിയില്ലാതെ കടം നൽകിയിരുന്നു. കമ്പനിയുടെ പ്രവർത്തനം നിലച്ചതോടെ കടത്തിന്റെ പരിധി 2000 രൂപയാക്കി. എന്നാൽ ഇന്നു പുനരാരംഭിക്കുന്ന സൂപ്പർ മാർക്കറ്റിൽ നിന്ന് കടമായി സാധനങ്ങൾ നൽകില്ലെന്ന് ഭരണ സമിതി അറിയിച്ചു.

ഒരു കാലത്ത് വൻ പ്രതാപത്തോടെ നിലനിന്നിരുന്ന സൂപ്പർ മാർക്കറ്റുകളിലൊന്നായിരുന്നു ഇത്. പെരുവ, വെള്ളൂർ, കാരിക്കോട്, മുളക്കുളം, തലയോലപ്പറമ്പ് പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകളാണ് സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്നത്. സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ പന്ത്രണ്ട് ജീവനക്കാർക്ക് ജോലി ലഭിക്കും.