എരുമേലി : ശബരിമല തീർത്ഥാടനം പടിവാതിൽക്കൽ എത്തിയിട്ടും പേട്ടക്കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയിക്കാൻ നടപടിയില്ല. പഞ്ചായത്തിന്റെ തെരുവ് വിളക്കുകളും മിഴിയടച്ചതോടെ രാത്രിയിൽ പ്രദേശം പൂർണമായും ഇരുട്ടിലായി. ആന്റോ ആന്റണി എം.പി യുടെ വികസനഫണ്ടിൽ നിന്ന് അനുവദിച്ചതാണ് ഹൈമാസ്റ്റ് ലൈറ്റ്. വൈദ്യുതി ചാർജ്, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് പഞ്ചായത്താണ് തുക ചെലവഴിയ്ക്കുന്നത്. അറ്റകുറ്റപ്പണികൾക്ക് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന് കരാർ നൽകിയതാണ്. ഒരു വർഷത്തേക്കുള്ള പണികൾക്ക് പ്രതിഫലവും തുടർന്നുള്ള ഒരു വർഷം സൗജന്യമായി പണികൾ നടത്തണമെന്നായിരുന്നു വ്യവസ്ഥ. പ്രതിഫലമുള്ള ആദ്യവർഷം കൃത്യമായി പണികൾ നടത്തിയെങ്കിലും പിന്നീട് എല്ലാം വഴിപാടായി.
74750 രൂപയാണ് സ്ഥാപനം കൈപ്പറ്റിയത്. ലൈറ്റ് പ്രകാശിച്ചില്ലെങ്കിലും വൈദ്യുതി ചാർജ് അടയ്ക്കണം.
ടോർച്ച് കൈയിൽ കരുതിക്കോ
രാത്രിയിൽ വാഹനങ്ങളുടെയും കടകളിലെയും വെളിച്ചം മാത്രമാണുള്ളത്. അർദ്ധരാത്രിയാകുമ്പോഴേക്കും ഇതും നിലയ്ക്കും. പിന്നെ ഇരുട്ടിലമരുന്ന ടൗണിൽ പൊലീസിന്റെ കാമറകളിൽ ഒന്നും പതിയില്ല. മോഷണങ്ങളും കുറ്റകൃത്യങ്ങളും ഒഴിവാക്കാൻ ലൈറ്റ് പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.