ksrtc

കോട്ടയം: യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ നിന്ന കെ.എസ്.ആർ.ടി.സിയുടെ വാടക സ്‌കാനിയ തവണക്കുടിശികയെ തുടർന്ന് സി.സിക്കാർ കൊണ്ടു പോയി. ഇന്നലെ വൈകിട്ട് അഞ്ചിന് മൈസൂർ സാറ്റലൈറ്റ് സ്റ്റാൻഡിലായിരുന്നു സംഭവം. ബസ് പുറപ്പെടുന്നതിന് സാറ്റലൈറ്റ് സ്റ്റാൻഡിലെത്തി മിനിട്ടുകൾക്കകമാണ് സി.സിക്കാരെത്തിയത്. തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരുമായി സംസാ‌രിച്ചു. അതിനിടെ ഇവിടെ നിന്ന് പുറപ്പെടാൻ ബസിൽ കയറിയ മൂന്നു പേരെ കമ്പനി ജീവനക്കാർ ഇറക്കിവിട്ടു. തുടർന്ന് ലഗേജുകളും, ബ്ലാങ്കെറ്റുകളുമടക്കമുള്ളവ പുറത്തിറക്കിയ ശേഷം ബസുമായി സ്ഥലം വിട്ടു. മുംബയ് മഹാവോയേജേഴ്‌സാണ് ബസും രണ്ടു ഡ്രൈവർമാരെയും കെ.എസ്.ആ‌ർ.ടി.സിക്ക് വാടകയ്‌ക്ക് നൽകിയിയത്. ഇവരാണ് അഞ്ചു മാസത്തിലേറെയായി ബസിന്റെ സി.സി കുടിശിക വരുത്തിയത്.

അഞ്ച് മണിക്ക് പുറപ്പെടേണ്ട ബസ് ആറ് കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്‌ത് മടിവാള,​ ഇലക്ട്രോണിക് സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന യാത്രക്കാരും സാറ്റലൈറ്റ് സ്റ്റാൻഡിലെത്തി. ബസില്ലെന്നറിഞ്ഞതോടെ ഇവരും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

അതിനിടെ മറ്റിടങ്ങളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ ഫോണിലും വിളിച്ചു. തുടർന്ന് അവരും സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലെത്തി. 45 യാത്രക്കാരാണ് സ്‌കാനിയയിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പകരം എന്ത് സംവിധാനം ഒരുക്കണമെന്നറിയാതെ കുഴങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാർ ആറരയോടെ സൂപ്പർ ഡീലക്‌സ് ബസ് എത്തിച്ചു. എന്നാൽ ഡീലക്‌സിൽ 39 പേർക്ക് മാത്രമേ ഇരിക്കാൻ സീറ്റുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള ആറ് യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയില്ല. സ്‌കാനിയയുടെ ടിക്കറ്റ് ചാർജ് വാങ്ങിയ ശേഷം ഡീല‌ക്സിൽ യാത്ര ചെയ്തവരിൽ നിന്ന് എത്ര രൂപ ഈടാക്കണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

നിയമനടപടി സ്വീകരിക്കും

സർവീസ് മുടങ്ങി യാത്രക്കാർക്ക് ദുരിതമുണ്ടായ സംഭവത്തിൽ വാടകയ്‌ക്ക് നൽകിയ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കും. ബസ് നാട്ടിലെത്തിയ ശേഷം എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കും. കരാറിൽ ഇതിന് വ്യവസ്ഥയുണ്ട്.

- ഷറഫുദ്ദീൻ,

ഡയ‌റക്‌ടർ ഓപ്പറേഷൻ

കെ.എസ്.ആർ.ടി.സി