കോട്ടയം: ആശുപത്രി വളപ്പിലെ തണൽ മരം വാർഡിനു മുകളിലേയ്ക്ക് ഒടിഞ്ഞു വീണ് രോഗികളുടെ കൂട്ടിരിപ്പുകാരായ നാലു പേർക്ക് പരിക്കേറ്റു. ജില്ലാ ജനറൽ ആശുപത്രിയിലെ പതിനൊന്നാം വാർഡിനു മുകളിലാണ് ഇന്നലെ രാത്രി പത്തരയോടെമരം കടപുഴകി വീണത്. അപകടത്തിൽ 11ാം വാർഡിൽ കൂട്ടിരിപ്പുകാരായ അയ്മനം ചിറയിൽ തമ്പി(49) ഭാര്യ ബിന്ദു (43), കഞ്ഞിക്കുഴി അലീന നിവാസിൽ ഓമന (55), തോട്ടയ്ക്കാട് ഇരുവുചിറ കരോട്ട് സരസമ്മ കരുണാകരൻ (68) എന്നിവരെയാണ് പരിക്കുകളോടെ ജനറൽ ആശുപത്രി അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
രാത്രിയിൽ ആശുപത്രി പതിനൊന്നാം വാർഡിനു മുന്നിലെ വഴിയ്ക്ക് സമീപത്തായി നിന്ന കൂറ്റൻ വാകമരം കടപുഴകി ആശുപത്രിയുടെ വാതിലിനോടു ചേർന്ന് മേൽക്കൂരയിലേയ്ക്കു പതിക്കുകയായിരുന്നു. മേൽക്കൂരയിലെ ഷീറ്റ് തകർത്ത് കെട്ടിടത്തിനുള്ളിലേയ്ക്കു മരത്തിന്റെ ശിഖരങ്ങൾ വീണു. വൻ ശബ്ദം കേട്ട് ഓടിമാറിയതിനാലാണ് പലരും പരിക്കേൽക്കാതെ രക്ഷപെട്ടത്.
ആശുപത്രിയിൽ ചികിത്സയിൽകഴിയുന്ന മകൻ നവീന് കൂട്ടിരിക്കാനെത്തിയതാണ് മാതാപിതാക്കളായ തമ്പിയും ബിന്ദുവും. മരത്തിന്റെ ശിഖരങ്ങൾ പതിച്ച് നിലത്തുകിടന്ന ബിന്ദുവിന് പുറത്തും തമ്പിക്ക് കാലിനുമാണ് പരിക്കേറ്റത്. കൂട്ടിരിപ്പുകാരായ ഓമനക്ക് കൈക്കും സരസമ്മക്ക് തലക്കുമാണ് പരിക്കേറ്റത്. രോഗബാധിതനായി രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കുകയായിരുന്നു ഓമന. തറയിലിരുന്ന ഓമന ഭക്ഷണം കഴിക്കുന്നതിനിടെ മരം കടപുഴകി ഇവരുടെ കയ്യിലേയ്ക്കു വീഴുകയായിരുന്നു.
പ്രമേഹ രോഗിയായ ഭർത്താവ് കരുണാകരന് ഇന്ന് ശസ്ത്രക്രിയ നടക്കാനിരിക്കെയാണ് സരസമ്മയ്ക്കു മരം വീണ് പരിക്കേറ്റത്. 22ലധികം പേർ ചികിത്സയിൽ കഴിഞ്ഞ വാർഡിന് മുകളിലേക്കാണ് മരം വീണത്. ഇതോടെ രോഗികളടക്കം ഭയചകിതരായി. തുടർന്ന് ആർ.എം.ഒ ഡോ.ഭാഗ്യശ്രീ നേതൃത്വത്തിൽ വാർഡിൽ കഴിഞ്ഞ രോഗികളടക്കമുള്ള മുഴുവൻപേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തകർന്ന ഷീറ്റിന്റെ കഷ്ണങ്ങളടക്കം വരാന്തയിലും വാർഡിലും ചിതറികിടക്കുകയാണ്. കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാസേനയെത്തി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി.