huper

മുംബയ്: വേഗത കൊണ്ട് ഗതാഗത വിപ്ലവം സ‌ൃഷ്‌ടിക്കുന്ന ഹൈപ്പർ ലൂപ്പ് ട്രെയിൻ എന്ന ഇന്ത്യയുടെ സ്വപ്നപദ്ധതിയുടെ നിർമ്മാണം അടുത്തവർഷം ആരംഭിക്കും. 60,550 കോടി രൂപ ചെലവുള്ള അത്യാധുനിക സൂപ്പർഫാസ്റ്റ് ട്രാൻസ്പോർട്ട് പദ്ധതി മുംബയ് - പൂനെ റൂട്ടിലാണ് നടപ്പാക്കുന്നത്. എട്ട് വർഷം കൊണ്ട് പൂർത്തിയാകുമ്പോൾ മുംബയ് - പൂനെ 128 കിലോമീറ്റർ യാത്രാ സമയം നാല് മണിക്കൂറിൽ നിന്ന് വെറും 25 മിനിട്ടായി കുറയും.

തൂണുകളിൽ സ്ഥാപിക്കുന്ന ഭീമൻ കുഴലും (ട്യൂബ്) അതിലൂടെ കുതിക്കുന്ന കമ്പാർട്ട്മെന്റും (പോഡ്)​ ഉൾപ്പെടുന്നതാണ് ഹൈപ്പർലൂപ്പ് ട്രെയിൻ. സാധാരണ ട്രെയിൻ പോലെ പാളങ്ങളോ, കമ്പാർട്ട്മെന്റുകൾക്ക് ചക്രങ്ങളോ ഇല്ല. ട്യൂബിലെ മർദ്ദം വളരെ കുറഞ്ഞ കാന്തിക മണ്ഡലത്തിൽ, കാന്തിക വികർഷണത്താൽ എങ്ങും തൊടാതെ പൊങ്ങിക്കിടക്കുന്ന പോഡുകൾ മിന്നൽ വേഗത്തിൽ കുതിക്കും. മാഗ്നറ്റിക് ലെവിറ്റേഷൻ (മാഗ്‌ലെവ്) സാങ്കേതിക വിദ്യയാണിത്. പാളത്തിൽ തൊടാതെ കുതിക്കുന്ന മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിൻ പോലെ.

ഇതിന്റെ പരീക്ഷണം അമേരിക്കയിലെ ലാസ് വെഗാസിന് സമീപമുള്ള നെവാദ മരുഭൂമിയിൽ പുരോഗമിക്കുന്നു. റിച്ചാർഡ് ബ്രാൻസൺ എന്ന കോടീശ്വരന്റെ കമ്പനിയായ വെർജിൻ ഹൈപ്പർ ലൂപ്പ് വൺ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് വർഷം വീതമുള്ള രണ്ട് ഘട്ടമായാണ് പദ്ധതി പൂർത്തിയാക്കുകയെന്ന് വെർജിൻ ഹൈപ്പർ ലൂപ്പ് വൺ ഇന്ത്യ ഡയറക്ടർ നൗഷാദ് ഊമർ പറഞ്ഞു. മഹാരാഷ്‌ട്ര സർക്കാർ താമസിയാതെ ടെൻഡർ വിളിക്കും.

മുംബയിൽ ഇങ്ങനെ

മുംബയ് നഗരത്തിൽ ഭൂഗർഭ തുരങ്കത്തിലൂടെ

നഗരം പിന്നിടുമ്പോൾ ഭൂമിക്ക് മീതേ വരും.

ആദ്യഘട്ടം 11.8 കിലോമീറ്റർ -ചെലവ് 3,550 കോടി രൂപ

രണ്ടാംഘട്ടം 117 കിലോമീറ്റർ - ചെലവ് 57,000 കോടി രൂപ

പോഡിൽ യാത്രക്കാരും ചരക്കും

ട്യൂബിൽ വാക്വം എന്ന് പറയാവുന്ന ശൂന്യത

ഘർഷണം ഇല്ലാത്തതിനാൽ അതിവേഗം

700 കി. മീറ്റർ വേഗതയിലും കോഫി തുളുമ്പില്ല.

ശബ്ദമോ പുകയോ ഇല്ല

ഇന്ധനച്ചെലവില്ലാത്തതിനാൽ വളരെ ലാഭം

പോഡിനും ട്യൂബിനും ജനാലകൾ ഇല്ല.

പോഡിനകത്ത് പുറം കാഴ്‌ചകളുടെ സിമുലേറ്റഡ് ദൃശ്യങ്ങൾ പ്രദ‌ർശിപ്പിക്കും.

ലോസാഞ്ചലസിൽ 2017 മുതൽ പരീക്ഷണം
1,640 അടി നീളവും 11 അടി വ്യാസവുമുള്ള ട്യൂബിലാണ് പരീക്ഷണം.

ഒഴിഞ്ഞ പോഡ് ട്യൂബിലൂടെ നൂറുകണക്കിന് തവണ ഓടിച്ചു

മണിക്കൂറിൽ 380 കിലോമീറ്റർ വരെ വേഗത കൈവരിച്ചു

800 മുതൽ 1000 കി. മീറ്റർ വരെ വേഗതയാണ് ലക്ഷ്യം

മൂന്ന് മിനിട്ടിൽ പരമാവധി വേഗത

90 ഡിഗ്രി തിരിയാൻ ആറ് മൈൽ വളയണം

ലീനിയാർ മോട്ടോറുകൾ
ലീനിയാർ ഇലക്‌ട്രിക് മോട്ടോറിലാണ് പോഡുകൾ ഓടുന്നത്. റോട്ടറി മോട്ടോറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ലീനിയാർ മോട്ടോർ. പരമ്പരാഗത മോട്ടോറിന് രണ്ട് ഭാഗങ്ങളാണ്. നിശ്ചലമായ സ്റ്റാറ്ററും കറങ്ങുന്ന റോട്ടറും. സ്റ്റാറ്ററിൽ കറണ്ട് പ്രവഹിക്കുമ്പോൾ റോട്ടർ കറങ്ങും. അതിനോട് ഘടിപ്പിച്ച യന്ത്രം പ്രവർത്തിക്കും. ലീനിയർ മോട്ടോറിലും ഈ രണ്ട് ഭാഗങ്ങളുണ്ട്. എന്നാൽ ഇതിൽ റോട്ടർ കറങ്ങുന്നതിന് പകരം സ്‌റ്റാറ്ററിന്റെ നീളത്തിന് സമാന്തരമായി നീളത്തിൽ ചലിക്കും. ഹൈപ്പർലൂപ്പിൽ സ്റ്റാറ്ററുകൾ പുറത്തെ ട്യൂബിലും റോട്ടർ പോഡിലുമാണ് ഘടിപ്പിക്കുക. കറണ്ട് പ്രവഹിക്കുമ്പോൾ ട്യൂബും പോഡും ചേർന്ന് ഒരു കൂറ്റൻ മോട്ടോ‍ർ ആവുകയും ട്യൂബിന് (സ്റ്റാറ്ററിന്) സമാന്തരമായി പോഡ് കുതിക്കുകയും ചെയ്യും.