അസ്ഥിക്കഷണങ്ങൾ ശേഖരിച്ച ആംബുലൻസ് വടക്കേ കോവിലകത്തിന്റെ മുറ്റത്തുനിന്ന് ആദ്യം പോയി.
അതിനു പിന്നാലെ സി.ഐ അലിയാരും സംഘവും അടങ്ങുന്ന പോലീസിന്റെ ബൊലേറോയും.
അവയുടെ ചിത്രങ്ങൾ കൂടി എടുത്തിട്ട് ചാനൽ സംഘങ്ങളും മടങ്ങി.
എല്ലാം നോക്കിനിന്നിരുന്ന എം.എൽ.എ ശ്രീനിവാസ കിടാവ് കടപ്പല്ലു ഞെരിച്ചു.
അവന്മാരുടെ ചോദ്യങ്ങൾ കേട്ടപ്പോൾ അടിമുടി കോപംകൊണ്ട് വിറഞ്ഞു തുള്ളുകയായിരുന്നു താൻ.
തന്നെ പ്രതിയാക്കുവാൻ എന്തോ ഗൂഢ ഉദ്ദേശ്യമുള്ളതുപോലെയായിരുന്നു ഓരോ ചോദ്യവും.
ഇനി എന്തൊക്കെ അവർ പ്രചരിപ്പിക്കുമെന്ന് അറിയില്ലല്ലോ. ചാനലുകാർക്ക് ചാകര കിട്ടിയതു പോലെയാണ് തന്നെക്കുറിച്ചു പറയാറുള്ളത്.
ഒന്നു തീരുമ്പോൾ അടുത്തത്. കഴിഞ്ഞ കുറേക്കാലങ്ങളായി തന്റെ ജീവിതത്തിൽ അങ്ങനെയാണു സംഭവിക്കുന്നതെന്ന് കിടാവ് ഓർത്തു.
പോരെങ്കിൽ സി.ഐ അലിയാർ! ഒരു നിഴൽ പോലെ അവൻ തന്റെ പിന്നാലെയുണ്ട്.
''അച്ഛാ..."
പിന്നിൽ നിന്നു സുരേഷ് വിളിച്ചപ്പോൾ കിടാവു തിരിഞ്ഞു.
''എന്താടാ?"
''ഹോസ്പിറ്റലിൽ പോകണം ഞങ്ങൾക്ക്. ചെറിയച്ഛൻ വിളിച്ചിരുന്നു."
''ഉം." കനപ്പിച്ചു മൂളിക്കൊണ്ട് കിടാവ് കോവിലകത്തിനുള്ളിലേക്കു കയറി.
നടുമുറ്റത്തിനു ചുറ്റും പോലീസ് ബ്ളോക്കു ചെയ്തിരിക്കുകയാണ്.
പതിനഞ്ചു മിനുട്ടിനുള്ളിൽ കിടാവും മകനും മരുമകളും ഹോസ്പിറ്റലിലേക്കു പോയി...
ആ സമയത്ത് മായാറിൽ...
പ്രജീഷിന്റെ ഫോൺ ഇരമ്പി.
അയാൾ എടുത്തുനോക്കി.
പരുന്ത് റഷീദാണ്!
''അവനെ കിട്ടിയോ?"
പ്രജീഷ് തിരക്കി.
''ഒരു സൂചനയുണ്ട്. നമുക്കൊന്നിറങ്ങിയാലോ?"
''ഇറങ്ങാം." പ്രജീഷ് പിടഞ്ഞുണർന്നു. ''ഒരു ജീപ്പു വിളിച്ച് പരുന്ത് ഇങ്ങോട്ടു പോരെ."
''ശരി സാർ."
പ്രജീഷ് കാൾ മുറിച്ചു.
ചന്ദ്രകല കിച്ചണിലായിരുന്നു. അയാൾ അവിടേക്കു ചെന്നു. അവളോട് വിവരം പറഞ്ഞു.
''ഞാനും കൂടി വരണ്ടേ?" ചന്ദ്രകല ചോദിച്ചു.
''നീ വന്നാലെങ്ങനെയാ... ഒരു ഏറ്റുമുട്ടൽ വല്ലതുമുണ്ടായാൽ..."
അത് ശരിയാണെന്ന് ചന്ദ്രകലയ്ക്കു തോന്നി.
''എങ്കിൽ പ്രജീഷ് പോയാൽ മതി. പക്ഷേ, ഇടയ്ക്ക് ഒന്നു വിളിക്കണമെങ്കിൽ, പുതിയ സിംകാർഡ് എനിക്കില്ലല്ലോ..."
''ഞങ്ങള് മടങ്ങിവരുമ്പോൾ പുതിയതൊന്നു കൊണ്ടുവരാം. തൽക്കാലം നീ വാതിലടച്ച് അകത്തിരുന്നാൽ മതി."
ചന്ദ്രകല സമ്മതിച്ചു.
പ്രജീഷ് വേഗം തയ്യാറായി. തന്റെ പിസ്റ്റളും പരുന്ത് റഷീദിൽ നിന്നു പിടിച്ചെടുത്ത റിവോൾവറും എടുത്തു. അത് അരയ്ക്ക് ഇരുവശങ്ങളിലുമായി പാൻസിനുള്ളിലേക്കു താഴ്ത്തിവച്ചു.
നാൽപ്പതു മിനുട്ടിനുള്ളിൽ ഒരു ജീപ്പുമായി പരുന്ത് റഷീദ് എത്തി.
പ്രജീഷ്, പരുന്തിനെ അകത്തേക്കു വിളിച്ചു.
''ഈ ജീപ്പ് ഡ്രൈവറെ വിശ്വസിക്കാമോടാ. നമ്മുടെ കൂടെ നിൽക്കുമോ?"
''നിൽക്കും. എനിക്ക് പരിചയമുള്ള ആളാ. ഞാൻ ചില സൂചനകൾ കൊടുത്തിട്ടുമുണ്ട്."
ചന്ദ്രകലയോടു യാത്ര പറഞ്ഞ് ഇരുവരും ചെന്ന് ജീപ്പിൽ കയറി.
പ്രജീഷ്, ഡ്രൈവറെ നോക്കി.
നല്ല ആരോഗ്യം. കട്ടിയുള്ള പിരിച്ചുവച്ചിരിക്കുന്ന മീശ. ഒന്നിനെയും ഭയമില്ലാത്തവന്റെ ഭാവം കണ്ണുകളിൽ.
''പോകാം." ഡ്രൈവർ അനുവാദം തേടി.
പ്രജീഷ് തലയാട്ടി.
മായാർ ഡാമിന്റെ കരയിലൂടെ ജീപ്പു പാഞ്ഞു.
പത്ത് പതിനഞ്ചു വയസ്സുള്ള ഒരു പയ്യൻ ഒരുപറ്റം ആടുകളെ മേയ്‌ച്ചുകൊണ്ട് വേപ്പുമരത്തണലിൽ ഇരുപ്പുണ്ടായിരുന്നു.
വനത്തിനു നടുവിലൂടെ മസനഗുഡി ഭാഗത്തേക്ക് ജീപ്പ് ഓടിക്കൊണ്ടിരുന്നു.
ഒരു മയിൽ ജീപ്പിനു മുന്നിലൂടെ കുറുകെ പറന്നുപോയി.
അതിന് വേഗത അല്പം കുറയുകയോ തങ്ങളുടെ ജീപ്പിന്റെ വേഗത അല്പം കൂടുകയോ ചെയ്തിരുന്നെങ്കിൽ ജീപ്പ് മയിലിനെ ഇടിച്ചിടുമായിരുന്നു എന്നു തോന്നി പ്രജീഷിന്.
മസനഗുഡി ടൗൺ.
''വലത്തേക്ക്."
പരുന്ത് റഷീദ് ഡ്രൈവർക്ക് നിർദ്ദേശം നൽകി.
അല്പദൂരം ഓടിക്കഴിഞ്ഞപ്പോൾ ജീപ്പ് ഇടത്തേക്കു തിരിഞ്ഞു.
പൊട്ടിപ്പൊളിഞ്ഞതും ഉരുളൻ കല്ലുകൾ അല്പം ഉയർന്നു നിൽക്കുന്നതുമായ റോഡ്.
അവിടെ കയറ്റം ആരംഭിക്കുകയാണ്.
ജീപ്പിന്റെ സൈലൻസറിൽ നിന്ന് കറുത്ത പുക പുറത്തേക്കു തള്ളപ്പെട്ടു.
കയറ്റത്തിന്റെ പകുതി ഭാഗം എത്തിക്കാണും. റോഡ് തീർത്തും വിജനം.
ഇരുവശത്തും ഇലപൊഴിഞ്ഞ മരങ്ങൾ.
പെട്ടെന്ന്, അവർക്കെതിരെ ഒരു ബൈക്ക് ഇറക്കമിറങ്ങിവന്നു. ഹെൽമറ്റ് ധാരി.
''അതവനാ..." പ്രജീഷ് കൈചൂണ്ടി.
(തുടരും)