red-150

​​​''അവനെ വിടരുത്..."

പരുന്ത് റഷീദ്, ഡ്രൈവറുടെ തോളിൽ തട്ടി.

അപ്പോഴേക്കും ബൈക്ക് ജീപ്പിന്റെ വലതു ഭാഗത്ത്, തൊട്ടു മുന്നിൽ എത്തിയിരുന്നു.

അടുത്ത നിമിഷം ഡ്രൈവർ, ജീപ്പ് വലത്തേക്കൊന്നു വെട്ടിച്ചു.

ജീപ്പിന്റെ ബംപർ, ബൈക്കിന്റെ ക്രാഷ് ഗാർഡിൽ ചെന്നിടിച്ചു.

ബൈക്കിലിരുന്നവന്റെ ഹെൽമറ്റിനുള്ളിൽ നിന്ന് ഒരു ശബ്ദം കേട്ടു. ഒപ്പം ബൈക്ക് ഒരു ഉരുളൻ കല്ലിൽ കയറി വലത്തേക്കു മറിഞ്ഞു.

ബൈക്കിലിരുന്നവൻ മൺതിട്ടയിലേക്കു ചാഞ്ഞു.

അയാളുടെ ഇടതു കാൽ ബൈക്കിനടിയിലായി...

ഡ്രൈവർ പെട്ടെന്നു ജീപ്പു നിർത്തി. ബൈക്കിൽ ഇരുന്നവൻ കാൽ വലിച്ചെടുക്കാൻ ശ്രമിച്ചു.

കഴിഞ്ഞില്ല.

പ്രജീഷും പരുന്തും പുറത്തേക്കു കുതിച്ചു.

''ജീപ്പ് തിരിച്ചോണ്ടുവാ..."

പരുന്ത് അതിനിടെ ഡ്രൈവറോടു പറഞ്ഞു.

അയാൾ ജീപ്പ് കയറ്റത്തിലേക്കു വിട്ടുപോയി...

പരുന്തും പ്രജീഷും ചേർന്ന് ബൈക്ക് വലിച്ചുയർത്തി.

ദേഷ്യത്തോടെ, അതിലിരുന്നയാൾ ചാടിയെഴുന്നേറ്റ് ഹെൽമറ്റ് വലിച്ചൂരി.

തികച്ചും അപരിചിതനായ ഒരാൾ!

പക്ഷേ പ്രജീഷിനെ കണ്ടതും അയാൾ ഞെട്ടി.

''ഇങ്ങോട്ടുവാടാ...."

പരുന്ത് അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു.

''വിടെടാ..."

അയാൾ പരുന്തിന്റെ കൈ തട്ടിക്കളഞ്ഞിട്ട് ഓടാൻ ഭാവിച്ചു.

പക്ഷേ...

പ്രജീഷ് വട്ടം തിരിഞ്ഞതും ഒറ്റയടി. അയാളുടെ മുഖമടക്കം.

ഒരു റബ്ബർ പാവ കണക്കെ അയാൾ പിന്നിലേക്കു മലർന്ന് റോഡിൽ വീണു.

അപ്പോഴേക്കും ജീപ്പ് മടങ്ങിവന്നു.

പരുന്ത് അയാളുടെ വയറ്റത്ത്

ആഞ്ഞാഞ്ഞു ചവുട്ടി...

''അയ്യോ..." അയാൾ റോഡിൽ കിടന്ന് വെട്ടിപ്പുളഞ്ഞു നിലവിളിച്ചു.

പ്രജീഷും പരുന്തും ചേർന്ന് അയാളെ ഉയർത്തി ജീപ്പിനു പിന്നിലേക്കിട്ടു. ശേഷം ഒപ്പം ചാടിക്കയറി.

പിന്നിലെ പടുതയും അഴിച്ചു താഴ്‌ത്തിയിട്ടു.

''ഇനി നീ മര്യാദയ്ക്കിരുന്നില്ലെങ്കിൽ.... നിന്റെ ശവമേ ഈ ജീപ്പിൽ നിന്നു പുറത്തിറക്കൂ."

പ്രജീഷ് കടപ്പല്ലു ഞെരിച്ചു.

ജീപ്പ് വന്നവഴിക്കു പാഞ്ഞു.

''എന്നെ.... എന്തിനാ നിങ്ങള് കൊണ്ടു പോകുന്നെ..."

അയാൾ ഞരങ്ങി.

രണ്ടുപേർക്കുമിടയിൽ ജീപ്പിന്റെ പ്ളാറ്റ്‌ഫോമിൽ കുത്തിയിരിക്കുകയാണ് അയാൾ. ...

''നിന്നെ ഞങ്ങൾ കൊല്ലാൻ പോകുകയാ. എന്താ വിരോധമുണ്ടോ?" പരുന്തു തിരക്കി.

ജീപ്പ് മസനഗുഡി ടൗണിൽ എത്തിയിരുന്നു.

''അയ്യോ... കൊല്ലുന്നേ..."

അടുത്ത നിമിഷം ഒറ്റ അലർച്ചയായിരുന്നു അയാൾ.

''പ്‌ഭ. മിണ്ടരുത്."

പരുന്ത് അയാളുടെ കവിളടക്കം ഒന്നു പൊട്ടിച്ചു.

അതോടെ അയാളുടെ നാവടങ്ങി. അയാളുടെ ചുണ്ടിന്റെ കോണു മുറിഞ്ഞ് ഒരു തുള്ളി ചോര താടിയിലേക്ക് ഒഴുകി.

മായാർ.

പ്രജീഷും ചന്ദ്രകലയും താമസിക്കുന്ന വീടിന്റെ മുറ്റത്തേക്കു കയറി ജീപ്പു നിന്നു.

പ്രജീഷ് പുറത്തിറങ്ങി പരിസരം വീക്ഷിച്ചു.

വെളുത്തുള്ളി തോട്ടത്തിനു മുകളിലൂടെ അയാളുടെ നോട്ടം നീണ്ടുപോയി.

അവിടെയെങ്ങും ആരെയും കണ്ടില്ല.

പ്രജീഷ് ജീപ്പിന്റെ പിന്നിലെ പടുത ഉയർത്തി മുകളിലേക്കിട്ടു. തുടർന്ന് അരയിൽ നിന്ന് പിസ്റ്റൾ എടുത്തു ചൂണ്ടി.

''നീ ഞാൻ പറയാതെ ശബ്ദിക്കുകയോ ഓടിപ്പോകാൻ ശ്രമിക്കുകയോ ചെയ്താൽ ഒരു ബുള്ളറ്റ് നിന്റെയീ വൃത്തികെട്ട തലയിൽ പുളഞ്ഞിറങ്ങും."

പറഞ്ഞിട്ട് പ്രജീഷ്, പരുന്തിനെ നോക്കി:

''അവനെ ഇറക്കിക്കൊണ്ടുവാ..."

പ്രജീഷ് കരുതലോടെ നിന്നു. പരുന്ത് അയാളെ ഇറക്കി വാതിൽക്കലേക്കു നടത്തി.

തൊട്ടു പിന്നാലെ പ്രജീഷും. ജനാലയിലൂടെ എല്ലാം നോക്കിനിൽക്കുകയായിരുന്നു ചന്ദ്രകല.

''വാതിൽ തുറക്ക്."

പ്രജീഷ് ആംഗ്യം കാണിച്ചു.

ചന്ദ്രകല വാതിൽ തുറന്നു.

''കേറെടാ അങ്ങോട്ട്."

പ്രജീഷ് അയാളുടെ കഴുത്തിൽ പിടിച്ച് അകത്തേക്ക് ആഞ്ഞുതള്ളി.

''ഹാ..."

അയാൾ വേച്ചുചെന്ന് ടീപ്പോയിൽ ഇടിച്ചു കമിഴ‌്‌ന്നു വീണു.

''ഞാൻ പൊയ്‌ക്കോട്ടെ സാർ?" മുറ്റത്തു നിന്ന് ജീപ്പ് ഡ്രൈവർ വിളിച്ചു ചോദിച്ചു.

''പൊയ്ക്കോ. ഞാൻ അങ്ങ് വരുമ്പം രൂപ തരാം. പിന്നെ... ഇക്കാര്യം മറ്റാരും അറിയണ്ടാ."

പരുന്ത് റഷീദ് ഓർമ്മപ്പെടുത്തി. ഡ്രൈവർ ജീപ്പ് പിന്നോട്ടെടുത്തു തിരിച്ചുപോയി.

പരുന്ത് റഷീദ് വാതിൽ അടച്ചു ബോൾട്ടിട്ടു.

പ്രജീഷ്, തറയിൽ കിടന്നവനെ വലിച്ചുയർത്തി.

ചന്ദ്രകല ഒരു കയർ കൊണ്ടുവന്നു കൊടുത്തു.

അയാളുടെ കൈകൾ ജനാലയുടെ അഴികളോടു ചേർത്ത് പ്രജീഷും പരുന്തു റഷീദും കൂടി ബന്ധിച്ചു.

ശിരസ്സു കുനിച്ച് പരാജിതനായി നിൽക്കുകയായിരുന്നു അയാൾ.

''ഇങ്ങോട്ട് നോക്കെടാ." ചന്ദ്രകല അയാളുടെ താടിക്കു പിടിച്ചുയർത്തി.

നാടുകാണി ചുരത്തിൽ വച്ച് ഹെൽമറ്റിന്റെ ഗ്ളാസ് ഉയർത്തിയപ്പോൾ കണ്ട അതേ മുഖമാണ് അതെന്ന് അവൾ തിരിച്ചറിഞ്ഞു.

പൊടുന്നനെ ചന്ദ്രകലയുടെ കണ്ണിൽ കനലെരിഞ്ഞു.

അവൾ കുനിഞ്ഞ് തന്റെ ചെരുപ്പൂരി.

''നീ ഞങ്ങടെ പണം തട്ടിയെടുക്കും. അല്ലേടാ?"

ചീറിക്കൊണ്ട് അവൾ, അയാളുടെ ഇരു കവികളുകളിലും മാറിമാറി അടിച്ചു...

(തുടരും)