ഇന്ത്യ - ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്നു മുതൽ
വിശാഖപട്ടണം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വിശാഖപട്ടണത്ത് ആരംഭിക്കും. രാവിലെ 9.30 മുതലാണ് മത്സരം. ഇതിനു മുമ്പ് നടന്ന ട്വന്റി-20 പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു.
ലോകടെസ്റ്ര് ചാമ്പ്യൻഷിപ്പ്
ലോക ടെസ്റ്ര് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് വെസ്റ്രിൻഡീസിനെതിരെ അവരുടെ നാട്ടിൽ നടന്ന ടെസ്റ്ര് പരമ്പര 2-0ത്തിന് തൂത്തുവാരിയ ഇന്ത്യ ലോക ടെസ്റ്ര് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ 120 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ന്യൂസിലൻഡിനും ശ്രീലങ്കയ്ക്കും 60 പോയിന്റ് വീതമാണുള്ളത്. ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്ര് പരമ്പരയിൽ 3 മത്സരങ്ങളാണുള്ളത്. ജയിക്കുന്നവർക്ക് 40 പോയിന്റ് വീതം ലഭിക്കും.
പന്ത് സാഹ
അവസരങ്ങൾ മുതലാക്കാൻ കഴിയാതിരുന്ന യുവതാരം റിഷഭ് പന്തിന് പകരം വെറ്ര്‌റൻ താരം വൃദ്ധിമാൻ സാഹയായിരിക്കും ഒന്നാം ടെസ്റ്രിൽ ഇന്ത്യയുടെ വിക്കറ്ര് കീപ്പറാകുക. ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിക്കിന്റെ പിടിയിലായിരുന്ന സാഹ ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ത്യൻ ജേഴ്സിയിൽ കളിക്കാനിറങ്ങുന്നത്. 34കാരനായ സാഹ 2018 ജനുവരയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്നെയാണ് അവസാനമായ ഇന്ത്യൻ ടീമിൽ കളിച്ചത്. ആഗസ്റ്രിലെ വെസ്റ്രിൻഡീസ് പര്യടനത്തിൽ ടീമിലുണ്ടായിരുന്നെങ്കിലും സാഹ കളിച്ചിരുന്നില്ല.
പ്രതീക്ഷയോടെ ഇന്ത്യ
നാട്ടിൽേറെ ശക്തരും ടെസ്റ്രിലെ ഒന്നാം റാങ്കുകാരുമായ ഇന്ത്യ തികഞ്ഞ വിജയ പ്രതീക്ഷയോടെയാണ് ദക്ഷിണാഫ്രിക്കയുടെ പരിചയസമ്പത്ത് കുറഞ്ഞ സംഘത്തെ നേരിടാനിറങ്ങുന്നത്. ബാറ്രിംഗിലും ബൗളിംഗിലും കടലാസിൽ ഏറെ ശക്തമാണ് ഇന്ത്യ. അതേസമയം ബൗളിംഗിലെ കുന്തമുനയായ ജസ്പ്രീത് ബുംരയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. വെസ്‌റ്രിൻഡീസിലെ ഇന്ത്യയുടെ ടെസ്റ്ര് പരമ്പര വിജയത്തിൽ ബുംരയുടെ പങ്ക് നിർണായകമായിരുന്നു. ബുരയ്ക്ക് പകരം ടീമിലുൾപ്പെടുത്തിയ ഉമേഷ് യാദവും പരിചയ സമ്പന്നരായ ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയുമാണ് പേസ്ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യുന്നത്. ആർ.അശ്വിൻ ഇന്ന് ആദ്യ ഇലവനിൽ ഇടം ലഭിച്ചേക്കും. അശ്വനൊപ്പം ജഡേജയായിരിക്കും മറ്രൊരു സ്പിന്നറുടെ റോളിൽ വരിക.
ഓപ്പണിംഗ് ക്ലിക്കാക്കാൻ
ഏറെ കാലമായി തലവേദനയായ ഓപ്പണിംഗിലെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യവും ഇന്ത്യയ്ക്ക് ഈ പരമ്പരയിലുണ്ട്. കെ.എൽ.രാഹുൽ തുടർച്ചയായി പരാജയപ്പെട്ടതോടെ ടെസ്റ്രിലും രോഹിതിനെ ഓപ്പണറാക്കിയുള്ള പരീക്ഷണമാണ് ഇന്ത്യ നടത്താനൊരുങ്ങുന്നത്. പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹത്തിൽ ബോർഡ് പ്രസിഡന്റിലവനായി ഓപ്പണറായി രോഹിത് ഇറങ്ങിയെങ്കിലും നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ പുറത്തായത് ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
സാധ്യതാ ടീം: രോഹിത്,മായങ്ക്, പുജാര, കൊഹ്‌ലി, രഹാനെ,വിഹാരി, സാഹ, അശ്വിൻ, ജഡേജ, ഇഷാന്ത്, ഷമി.
ദഹിപ്പിക്കാൻ ദക്ഷിണാഫ്രിക്ക
തൊട്ടുമുൻപുള്ള ഇന്ത്യൻ പര്യടനം അത്ര നല്ല ഓർമ്മകളല്ല ദക്ഷിണാഫ്രിക്കയ്ക്ക് നൽകുന്നത്. 2015/16 സീസണിൽ ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീം നാല് ടെസ്റ്രുൾപ്പെട്ട പരമ്പയിൽ 3-0ത്തിന്റെ നാണംകെട്ട തോൽവി വഴങ്ങിയിരുന്നു. 2006ന് ശേഷം വിദേശത്ത് ദക്ഷണാഫ്രിക്കയുടെ ആദ്യ പരമ്പര നഷ്ടമായിരുന്നു ഇത്. എന്നാൽ പ്രമുഖ താരങ്ങൾ മാറി പുതിയ താരങ്ങളുമായി മാറ്റത്തിന്റെ പാതയിലുള്ള ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യൻ മണ്ണിൽ ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ്.പരിചയ സമ്പത്ത് കുറവെങ്കിലും ശക്തമായ ടീം തന്നെയാണ് ഫാഫ് ഡുപ്ലെസിസിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക.സാധ്യതാ ടീം: മർക്രം, എൽഗർ, ഡി ബ്രൂയിൻ, ഡു പ്ലെസിസ്, ബൗവുമ. ഡികോക്ക്, ഫിലാണ്ടർ, മഹാരാജ്, റബാഡ,എൻഗിഡി/നോർട്ട്‌ജെ/ മുത്തു സ്വാമി, പെയ്ഡറ്ര്.