കൊണ്ടോട്ടി : നാട്ടുകാരുടെ സഹകരണം കൊണ്ട് ഉദ്ഘാടനം ഗംഭീരമായ സംഭവമാണ് കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ നടന്നത്. ഹോട്ടലിൽ ഷവർമ്മ ആരംഭിച്ചത് നാലാളെ അറിയിക്കാനായി ഫ്രീയായി നൽകാമെന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോൾ സംഗതി ഇത്രകണ്ട് ഉഷാറാവുമെന്ന് ഹോട്ടൽ മുതലാളി പോലും വിചാരിച്ചില്ല. വൈകിട്ട് അഞ്ചു മുതൽ ഹോട്ടലിലെ പുതിയ വിഭവമായ ഷവർമ്മ സൗജന്യമായി നൽകുമെന്നാണ് അറിയിപ്പ് നൽകിയത്. എന്നാൽ നിമിഷ നേരത്തിനകം എഴുന്നോറോളം പേരാണ് സൗജന്യ ഷവർമ്മ കഴിക്കുവാനായി ഷവർമ്മ കൗണ്ടറിലെത്തിയത്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് സമീപത്തായുള്ള ഹോട്ടലിലാണ് കഴിഞ്ഞ ദിവസം ഷവർമ്മ പ്രേമികൾ ഒത്തുകൂടിയത്. സമൂഹമാദ്ധ്യമങ്ങളിൽ ഹോട്ടലുടമ നൽകിയ പരസ്യം നാട്ടുകാർ ഷെയർ ചെയ്ത് റീച്ച് കൂട്ടിയപ്പോൾ ഹോട്ടലിന് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ ഷവർമ്മകൊണ്ടാവില്ലെന്ന് ഹോട്ടൽ ജീവനക്കാർക്ക് മനസിലായി. ഇതിനുപിന്നാലെ ഷവർമ്മ മാത്രമല്ല ഹോട്ടലിലെ മറ്റു വിഭവങ്ങളും സൗജന്യമാക്കിക്കൊണ്ടുള്ള ഹോട്ടലുടമയുടെ പ്രഖ്യാപനം വന്നതോടെ ഹോട്ടലിലെ മിഠായി കുപ്പിവരെ ജനം കാലിയാക്കി. ഇങ്ങനെയൊരു ഉദ്ഘാടനവിജയം സിനിമാതാരത്തെ കൊണ്ടുവന്നാലും കിട്ടില്ലെന്ന് കരുതി ആശ്വസിക്കുകയാണ് ഹോട്ടലുടമ ഇപ്പോൾ.