red-151

''എന്നെ തല്ലരുത്..."

അയാൾ കടപ്പല്ലുകൾ കടിച്ചമർത്തിക്കൊണ്ടു മുരണ്ടു.

ഇത്രയും സമയം കണ്ട ഭാവമായിരുന്നില്ല അപ്പോൾ അയാൾക്ക്.

ചന്ദ്രകലയുടെ കണ്ണുകൾ കത്തി.

''തല്ലിയാൽ നീ എന്തു ചെയ്യും?"

''കൊല്ലും." ഒരു പുലിയെപ്പോലെ അയാൾ വാ പിളർന്നു. ''എന്നെ തല്ലിയിട്ട് നിങ്ങൾ മൂന്നുപേരും ഈ മായാറിൽ നിന്നു പോകില്ല. അതല്ല... ഓടിയാൽ മസനഗുഡിവരെ... പിന്നെ നിങ്ങളുടെ ശവശരീരങ്ങൾ കനാലിലൂടെ ഒഴുകി മായാർ ഡാമിൽ പതിക്കും. അങ്ങനെ വേണമെങ്കിൽ തല്ലിക്കോ. ഇഷ്ടം പോലെ..."

അയാളുടെ അതുവരെ ഉണ്ടായിരുന്ന ശബ്ദം മാറി.

''ഒന്നിന് നൂറായിട്ടായിരിക്കും എന്റെ തിരിച്ചടി. നിങ്ങൾക്ക് അത് താങ്ങാനുള്ള കരുത്തുണ്ടോ പെണ്ണുമ്പിള്ളേ?"

ആ ചോദ്യത്തിനു മുന്നിൽ ചന്ദ്രകല ഒന്നറച്ചു.

എന്നാൽ പ്രജീഷ് അവളെ തള്ളിമാറ്റിയിട്ട് കാൽമുട്ടു മടക്കി ഒറ്റയിടി.

അയാളുടെ അടിവയറ്റിൽ!

''ഹാ..." അയാൾ വാ പിളർന്നുപോയി.

അതുവഴി പതഞ്ഞുവന്ന കൊഴുത്ത ചോര പല്ലുകളെ നനച്ചു.

ഉമിനീർ കലർന്ന തുപ്പൽ അയാളുടെ താടിയിലേക്കൊഴുകി.

''നിങ്ങൾക്കു ഞാൻ മരണം വിധിക്കുന്നു."

അയാൾ പറഞ്ഞു.

അതിനു നീയാരാ കാലനോ? അതോ ആയുസ്സിന്റെ പുസ്തകത്തിൽ തിരുത്തലുണ്ടാക്കാൻ ചിത്രഗുപ്തന്റെ അമ്മായിയപ്പനോ?"

പ്രജീഷ് തുടരെത്തുടരെ അയാളുടെ നെഞ്ചിൽ നാലഞ്ചിടി.

സ്വബോധം പോയതുപോലെ അയാളുടെ കഴുത്ത് ഒരുവശത്തേക്കു ചരിഞ്ഞ് ശിരസ്സു തൂങ്ങി.

''സാറേ.... കുഴപ്പമായോ?"

പരുന്ത് റഷീദിനു പരിഭ്രമമായി.

''ഇയാൾ ഈ നാട്ടുകാരനാ..."

പ്രജീഷ് പുച്ഛിച്ചു.

''ഏത് നാട്ടുകാരനായാലെന്ത്? ഞങ്ങൾക്ക് കളവുപോയ പണം തി​രി​ച്ചുകി​ട്ടണം. ഒന്നും രണ്ടുമല്ലല്ലോ പത്ത് കോടി​! അത് എവിടെയുണ്ടെന്ന് ഇവൻ പറഞ്ഞു തരണം. അല്ലെങ്കിൽ മായാർ ഡാമിൽ ഒഴുകിനടക്കുന്നത് ഇവന്റെ ശവമായിരിക്കും."

പ്രജീഷ്, ചന്ദ്രകലയ്ക്കു നേരെ തിരിഞ്ഞു.

''കുറച്ചു വെള്ളം കൊണ്ടുവാ."

ചന്ദ്രകല വെള്ളവുമായി വന്നു.

പ്രജീഷ് അതു വാങ്ങി അയാളുടെ തലയിലൂടെ ഒഴിച്ചു.

''ങ്‌ഹാ.."

അയാളുടെ ശിരസ്സു നേരെയായി. ഉറക്കം ഞെട്ടിയതു പോലെ അയാൾ മുന്നിൽ നിന്ന് മൂവരെയും മാറിമാറി നോക്കി.

പരുന്ത് റഷീദ് അയാളോട് അനുനയത്തിൽ സംസാരിച്ചു.

''നീ ആരാണെന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ ഇവരുടെ പണം നഷ്ടപ്പെട്ടതിൽ നിനക്കു പങ്കുണ്ടെന്നു വ്യക്തമായി അറിയുകയും ചെയ്യാം."

അയാൾ കണ്ണിമയ്ക്കാതെ പരുന്തിനെ നോക്കി.

പരുന്ത് തുടർന്നു:

''ഇതുവരെ നടന്നത് തൽക്കാലം മറക്കാം. നീ ഞങ്ങളോട് സഹകരിച്ചാൽ അതിന്റെ പ്രയോജനം നിനക്കുമുണ്ടാവും. നിന്റെ ശരീരത്തിൽ വീണ ഓരോ അടിക്കും വരെ കണക്കുപറഞ്ഞ് കാശു തരും."

ചന്ദ്രകലയും പ്രജീഷും അത് ഇഷ്ടപ്പെടാത്ത ഭാവത്തിൽ പരുന്തിനെ നോക്കി.

'വെറുതെ പറഞ്ഞതാണ്" എന്ന ഭാവത്തിൽ പരുന്ത് കണ്ണിറുക്കി.

ബന്ദിയായ മനുഷ്യൻ ഒരുനിമിഷം കണ്ണുകൾ അടച്ചു. ശേഷം തിരക്കി:

''എനിക്ക് എന്തു തരും?"

മറുപടി നൽകിയത് പ്രജീഷാണ്.

''ഒന്ന്. ഒരു കോടി. പക്ഷേ, ആ പത്തുകോടിയും ഞങ്ങൾക്കു മടക്കി കിട്ടണം."

അയാൾ ചിന്തിച്ചു നിന്നു.

തുടർന്ന് അറിയിച്ചു.

''നിങ്ങളുടെ കാറിന് 'അള്ള്' വച്ചതും കുരുക്കിൽപെടുത്തിയതിനും എനിക്കും പങ്കുണ്ട് എന്നതു നേര്. പക്ഷേ പണം കൈമറിഞ്ഞ് അന്നു തന്നെ ഒരിടത്തെത്തിയിട്ടുണ്ട്..."

''കിടാവ് സാറിന്റെ കയ്യിൽ. അല്ലേ?"

ചന്ദ്രകല ചുണ്ടനക്കി.

''അതെ. പക്ഷേ, അത് എവി​ടെ കാണുമെന്ന് എനി​ക്കറി​യാം. സ്ഥലം ഞാൻ കാണി​ച്ചുതരും. അത് എടുക്കേണ്ട ജോലി​ നി​ങ്ങളുടേതാണ്. അപ്പോൾത്തന്നെ പറഞ്ഞപടി​ ഒരു കോടി​ എനി​ക്കു തരി​കയും വേണം."

ചന്ദ്രകലയുടെയും പ്രജീഷിന്റെയും മുഖം തെളിഞ്ഞു.

''സമ്മതം." പ്രജീഷ് അയാളുടെ തോളിൽ കൈവച്ചു. ''ഇനി നമ്മൾ സുഹൃത്തുക്കളാണ്. പറയൂ. എന്താണ് നിങ്ങളുടെ പേര്?"

''ശിവലിംഗം. എന്നാൽ ഇനി എന്നെ അഴിച്ചുവിട്ടുകൂടേ? നമുക്ക് ഇരുന്നു സംസാരിക്കാം."

പിസ്റ്റൾ വീണ്ടും അരയിൽ തിരുകിക്കൊണ്ട് കരുതലോടെ പ്രജീഷ് ശിവലിംഗത്തെ അഴിച്ചുവിട്ടു.

അയാൾ പോക്കറ്റിൽ നിന്ന് ഒരു കർച്ചീഫ് വലിച്ചെടുത്ത് മുഖം തുടച്ചു.

പിന്നെ കസേരയിൽ ഇരുന്നു.

''എങ്കിൽ നമ്മൾ ഇന്നു രാത്രിയിൽ പുറപ്പെടും. പണം എടുക്കാൻ."

ശിവലിംഗം പറഞ്ഞു.

അവർ മൂവരും സമ്മതിച്ചു.

**** ****

നിലമ്പൂർ.

ഹോസ്പിറ്റലിൽ ആരവും ആരതിയും സാധാരണ നിലയിലേക്കു തിരിച്ചുവന്നിരുന്നു.

അപ്പോൾ സി.ഐ അലിയാർ കുട്ടികളുടെ മൊഴിയെടുക്കാനെത്തി.

തങ്ങൾ തീൻമേശയ്ക്കരുകിൽ ഇരിക്കുമ്പോൾ കുറെ കറുത്ത രൂപങ്ങൾ മുന്നിൽ പെട്ടെന്നും അവർ തങ്ങളെ എടുത്തുകൊണ്ട് ഓടുകയായിരുന്നെന്നും കുട്ടികൾ മൊഴി നൽകി.

(തുടരും)