modi

ബ്രാൻഡുകൾ സൃഷ്ടിക്കപ്പെടുന്നതാണ്. ഏതൊന്നിനെയും ബ്രാൻഡ് ചെയ്യുന്നതിൽ പ്രാഥമികമായിട്ടുള്ളത് അതിന്റെ ഉള്ളടക്കം തന്നെയാണ്. അതൊരു ഉത്പന്നമാണെങ്കിൽ അതിന്റെ ഗുണനിലവാരം, സേവനമാണെങ്കിൽ കോർപറേറ്രിന്റെ അനുഭവം, പരിചയം, അവരുടെ മാനേജ്‌മെന്റ് ശൈലി തുടങ്ങിയവയൊക്കെ ബ്രാൻഡിംഗിന് മാനദണ്ഡമാകും. എന്നാൽ ഒരു നേതാവിനെ ബ്രാൻഡ് ചെയ്യുകയാണെങ്കിൽ ഒരേസമയം തന്നെ വിവിധ മാനദണ്ഡങ്ങൾ പരിഗണിക്കപ്പെടും. നേതൃഗുണം, ആശയ വിനിമയ ശേഷി, വ്യക്തിത്വം, വീക്ഷണവും ദൂരക്കാഴ്ചയും ഒക്കെ ഘടകങ്ങളാകും. ഈ മാനദണ്ഡങ്ങളനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്രവും മികച്ച രാഷ്ട്രീയ ബ്രാൻഡുകളിലൊന്നായി മാറിയിരിക്കുന്നു.


പ്രധാനമന്ത്രിയെന്ന നിലയ്ക്ക് മറ്രൊരു ഇന്ത്യൻ പ്രധാനമന്ത്രിക്കും കിട്ടാത്ത ഒരു പ്രതിച്ഛായ മോദി നേടിയെടുത്തു കഴിഞ്ഞു. ജവഹർലാൽ നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും ജനങ്ങളുടെ ഇടയിൽ വിശ്വാസവും വലിയ പ്രതിച്ഛായ ഉണ്ടായിരുന്നെന്ന് നിസംശയം പറയാം. മോദിയെ അവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് അന്നത്തെ ഇന്ത്യയും ഇന്നത്തെ ഇന്ത്യയും തമ്മിലുള്ള വ്യത്യാസമാണ്. ഇന്ന് ശരാശരി ഇന്ത്യക്കാരന്റെ ജീവിത നിലവാരം ഉയർന്നിരിക്കുന്നു. ഇന്ത്യ ആഗോളരംഗത്തെ വലിയ സാമ്പത്തിക ശക്തിയാണ്. വളർന്നു വരുന്ന സൂപ്പർ പവറാണ്. 130 കോടി ജനതയുടെ പ്രധാനമന്ത്രിയാണ് മോദി. ഇന്ന് രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് പൂർണ അറിവുള്ളവരാണ് ഇന്ത്യക്കാർ. 24മണിക്കൂറും കണ്ണുചിമ്മാതിരിക്കുന്ന ടെലിവിഷൻ ചാനലുകളും ഏതൊരു സംഭവ വികാസത്തെയും റിപ്പോർട്ട് ചെയ്യുന്ന പത്രങ്ങളും വളരെ സജീവമായ ഇന്ത്യയാണ് ഇന്നത്തേത്.


ലൂട്ടൻസ് ഡൽഹിയിലെ അഭിപ്രായ സ്വരൂപണം നടത്തുന്നവർ മോദിയെ പ്രവചിക്കാനാവാത്തയാൾ എന്നാണ് വിശേഷിപ്പിക്കുന്നത്. മോദിയെ ആർക്കും പ്രവചിക്കാൻ കഴിയില്ല. കഴിഞ്ഞ അഞ്ച് വർഷത്തെ മോദിയുടെ ഭരണം വളരെ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണെങ്കിൽ അദ്ദേഹം എടുത്ത ഏതാണ്ടെല്ലാ തീരുമാനങ്ങളും പ്രവചനാതീതമായിരുന്നു എന്നു കാണാം. എല്ലാ രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങളാണ് അദ്ദേഹം എടുത്തത്. നോട്ടുനിരോധനം, ജി.എസ്. ടി., സ്വച്ഛ് ഭാരത്, സർജിക്കൽ സ്‌ട്രൈക്ക്, ബാലാക്കോട്ട് ആക്രമണം, 370 ാം വകുപ്പ് റദ്ദാക്കൽ, കോർപ്പറേറ്ര് നികുതി പരിഷ്‌കരണം, എല്ലാത്തിനും ഒരു സാഹസികത കാണാം. അത് രാജ്യത്ത് പ്രധാന ചർച്ചാ വിഷയങ്ങളായി മാറി. അദ്ദേഹം കരുത്തനാണ്. പാർട്ടിയിൽ അജയ്യനാണ്. ജനങ്ങൾക്ക് അദ്ദേഹത്തെ വിശ്വാസമാണ്. നിങ്ങൾക്ക് അദ്ദേഹത്തെ എതിർക്കാം, അനുകൂലിക്കാം. എന്നാൽ അവഗണിക്കാനാവില്ല.


ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അത്ര നല്ല അവസ്ഥയിലൂടെയല്ല പോകുന്നതെന്ന് എല്ലാവർക്കുമറിയാം. റിയൽ എസ്റ്റേറ്ര്, മോട്ടോർ വാഹന മേഖലയിൽ ഇത് അനുഭവപ്പെടുന്നുണ്ട്. തൊഴിലില്ലായ്മ കുറച്ചൊക്കെ അനുഭവപ്പെടുന്നുണ്ട്. അത് രാജ്യത്തിന് ഒരു പ്രശ്നം തന്നെയാണ്. ഈ പ്രശ്നങ്ങൾക്കിടയിലും മോദി ഒരു അന്താരാഷ്ട്ര ഐക്കണായി മാറിക്കൊണ്ടിരിക്കുന്നു. ഹൂസ്റ്റണിലെ ഹൗഡി മോദി ചടങ്ങ് ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രിയുടെ ഒരു മണിക്കൂർ പ്രസംഗം കേൾക്കുകയും കൈയടിക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല ലോകരാഷ്ട്രീയത്തിലും അനിതര സാധാരണമാണ്. അതേ വേദിയിൽ വച്ച് പാകിസ്ഥാനെ വിമർശിക്കാൻ തയ്യാറായതാണ് മോദിയുടെ തന്റേടം. മോദി ട്രംപിന്റെ കൈപിടിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യാൻ ഗ്രൗണ്ടിനെ വലംവച്ചപ്പോൾ അവിടെ ചരിത്രം വഴിമാറുകയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള സൗഹൃദം ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് നോക്കിക്കണ്ടത്. മോദി ബ്രാൻഡ് കൂടുതൽ കൂടുതൽ വലുതാവുമ്പോൾ അതിന്റെ നേട്ടം ഓരോ ഇന്ത്യക്കാരനുമാണ്. മറ്രെന്നത്തേക്കാളും ഒരിന്ത്യക്കാരൻ എവിടെയും ബഹുമാനിക്കപ്പെടുന്നു. അംഗീകരിക്കപ്പെടുന്നു. ഇവിടെ പുതിയ ഒരിന്ത്യ രചിക്കപ്പെടുകയാണ്. ലോകത്തിലെ എല്ലാ മേഖലകളിലും മാറ്രം സൃഷ്ടിക്കാൻ കഴിയുന്ന ടീം ഇന്ത്യയും അതിന്റെ ക്യാപ്ടൻ മോദിയും. അത് ചരിത്രം സൃഷ്ടിക്കുകതന്നെ ചെയ്യും.