തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദിയൻകുളങ്ങര സ്വദേശിയാണ് അറസ്റ്റിലായത്. റോഡരികിൽ പ്ളാസ്റ്റർ ഒഫ് പാരിസിൽ നിർമ്മിച്ച പ്രതിമകൾ വിൽക്കുന്ന സംഘത്തിലെ പെൺകുട്ടിയെയാണ് ഇയാൾ കടന്നുപിടിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.
പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ മദ്യലഹരിയിൽ അതുവഴി വരുമ്പോഴാണ് പ്രതിമ വിൽപ്പന നടത്തുന്ന പെൺകുട്ടിയെ കണ്ടത്. സമീപമെത്തി പ്രതിമയ്ക്കായി വിലപേശൽ നടത്തുന്നതിനിടെ ഇവരെ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ രക്ഷപ്പെട്ട ഇയാളെ ഒപ്പമുണ്ടായിരുന്നവർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയുടെ മൊഴിയനുസരിച്ച് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.