തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വീടുകളും കടകളും കുത്തിത്തുറന്ന് പണവും സ്വർണവും കമ്പ്യൂട്ടറുകളും സി.സി.ടി.വി ക്യാമറാ യൂണിറ്റുകളും കൊള്ളയടിക്കാൻ എത്തിയ സംഘത്തെ അർദ്ധരാത്രിയിലെ രണ്ടു മണിക്കൂർ നീണ്ട സാഹസികമായ തെരച്ചിലിലൂടെ പൊലീസ് പിടികൂടി. എട്ട് പൊലീസ് വാഹനങ്ങളുടെ ഹെഡ് ലൈറ്റുകൾ ചൊരിഞ്ഞ പ്രകാശത്തിന്റെയും മൊബൈൽ ഫോൺ വെളിച്ചത്തിന്റെയും സഹായത്തോടെ പോങ്ങുംമൂട് മുതൽ കൊച്ചുള്ളൂർ വരെയുള്ള പ്രദേശം അരിച്ചുപെറുക്കി 40 പൊലീസുകാർ നടത്തിയ തെരച്ചിലിലാണ് കൊള്ളസംഘം പിടിയിലായത്.
കൺട്രോൾ റൂം ഇൻസ്‌പെക്ടർ ഡി.കെ.പൃഥിരാജിന്റെ നേതൃത്വത്തിലായിരുന്നു സേനയുടെ അഭിമാനം ഉയർത്തിയ അരിച്ചുപെറുക്കൽ. കരമന, വഞ്ചിയൂർ, തുമ്പ സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസിലെ പ്രതികളായ ശംഖുമുഖം പുതുവൽ പുത്തൻവീട്ടിൽ രാജേഷ് (35), കണ്ണാന്തുറ പോളിഹൗസിൽ ജിതിൻ (ബോംബ് ജിതിൻ24) എന്നിവരാണ് പിടിയിലായത്. രണ്ട് പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നു. തിങ്കളാഴ്ച പുലർച്ചെ ഒന്നു മുതൽ മൂന്ന് വരെയായിരുന്നു തെരച്ചിൽ.
സാഹസിക തിരച്ചിൽ ഇങ്ങനെ
ഓട്ടോറിക്ഷയിൽ കറങ്ങി മോഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതി. പോങ്ങുംമൂട് സ്വകാര്യ സ്‌കൂളിനടുത്ത് ഓട്ടോറിക്ഷ നിറുത്തി ഒരാൾ മതിൽ ചാടിക്കടന്നതായി ഉള്ളൂരിൽ നൈറ്റ് പട്രോളിംഗിലായിരുന്ന പൊലീസ് സംഘത്തിന് ഓട്ടോറിക്ഷാ ഡ്രൈവർ വിവരം നൽകിയതാണ് നിർണായകമായത്. വിവരം കൺട്രോൾ റൂമിലെത്തിയതോടെ ഇൻസ്‌പെക്ടർ ഡി.കെ.പൃഥിരാജ് പട്രോളിംഗ് സംഘത്തെ അവിടേക്കയച്ചു. പ്രധാന റോഡരികിലെ സ്‌കൂളിന് അകവശം പൊളിക്കുന്ന ശബ്ദമാണ് പൊലീസ് കേട്ടത്. ഓട്ടോറിക്ഷയിൽ കട്ടറുകളും മോട്ടോറുകളും കണ്ടെത്തി. മോഷണസംഘമാണെന്ന് ഉറപ്പിച്ചതോടെ കൺട്രോൾ റൂം ഉണർന്നുപ്രവർത്തിച്ചു. മെഡിക്കൽകോളേജ്, ശ്രീകാര്യം, വഞ്ചിയൂർ, കൺട്രോൾറൂം, മൊബൈൽ പട്രോൾ, സ്‌ട്രൈക്കർ, ഹൈവേ പട്രോൾ വാഹനങ്ങൾ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഓട്ടോയെടുക്കാൻ സംഘത്തിലെ ഒരാളെത്തിയപ്പോൾ പൊലീസിനെ കണ്ടു. സ്‌കൂൾ പൊലീസ് വളഞ്ഞത് മനസിലാക്കിയ മോഷ്ടാക്കൾ മതിൽചാടി പലവഴിക്ക് ചിതറിയോടി. പിന്നാലെ പൊലീസും പാഞ്ഞു.വീടുകളുടെ മതിൽചാടിയും ഉൾവഴികളിലൂടെയും തസ്‌കരസംഘം കുതിച്ചു. മൊബൈൽ വെളിച്ചവുമായി പൊലീസ് സംഘവും പിന്നാലെ.
പാരിപ്പള്ളിയിൽ പൊലീസുകാരൻ മണിയൻപിള്ളയെ കൊടുംക്രിമിനലായ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയ അനുഭവം ഓർമ്മിച്ച പൊലീസുകാർ ജാഗ്രതയിലായി. തെരച്ചിലിനിടെ മതിലിടിഞ്ഞു വീണ് കൺട്രോൾ റൂം അഡി.എസ്.ഐ സുരേഷിനും പൊലീസ് ഡ്രൈവർക്കും പൊലീസിന് സഹായിയായെത്തിയ ബീമാപ്പള്ളി സ്വദേശി സുഹൈലിനും പരിക്കേറ്റു. പോങ്ങുംമൂട് എലൈറ്റ് ഗാർഡൻസിലെ വീട്ടുമുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടർ മോഷ്ടിച്ചെടുത്ത് രക്ഷപ്പെടാനും കവർച്ചാസംഘം ശ്രമിച്ചു. സ്‌കൂട്ടറിന്റെ പൂട്ട് കല്ല് കൊണ്ട് തകർത്തിരുന്നു. രണ്ടുമണിക്കൂർ നീണ്ട അരിച്ചുപെറുക്കലിനൊടുവിൽ പോങ്ങുംമൂട്ടിലെ കാടുപിടിച്ച പുരയിടത്തിൽ നിന്ന് രാജേഷിനെയും കാരുണ്യനഗറിലെ വീട്ടുവളപ്പിൽ നിന്ന് ജിതിനെയും പിടികൂടി. ധനകാര്യസ്ഥാപനമാണെന്ന് തെറ്റിദ്ധരിച്ചാണ് സ്‌കൂളിൽ കവർച്ചയ്ക്ക് കയറിയതെന്ന് ഇവർ വെളിപ്പെടുത്തി. സംഘത്തിൽപെട്ട സഞ്ജുവിനെ ഒരാഴ്ച മുൻപ് വഞ്ചിയൂർ പൊലീസ് പിടികൂടിയിരുന്നു.
കരമനയിലെ കമ്പ്യൂട്ടർ ഷോറൂമിൽ നിന്ന് ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടർ പാർട്സുകൾ, വഞ്ചിയൂർ പുത്തൻ റോഡിലെ പീപ്പിൾ വെൽഫെയർ സൊസൈറ്റിയിൽ നിന്ന് കമ്പ്യൂട്ടർ, അരലക്ഷത്തിന്റെ സിസിടിവി യൂണിറ്റ്, എന്നിവയും തുമ്പയിലെ വീട് കുത്തിത്തുറന്ന് കവർച്ചയും നടത്തിയത് പ്രതികൾ സമ്മതിച്ചു. നഗരത്തിൽ അടുത്തിടെയുണ്ടായ കവർച്ചകളിലെല്ലാം ഇവർക്ക് പങ്കുണ്ടെന്നും ,വൻ കവർച്ചകൾ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.