ചെങ്ങന്നൂർ: വളർത്തു നായയെ നഷ്ടപ്പെട്ട വേദനയിൽ ശാരീരിക അവശതകളാൽ തളർന്നുപോയിരിക്കുകയാണ് എഴുപതുകാരിയായ രത്നമ്മ. ഒരു വയസുകാരനായ ഇഷാൻ എന്ന വളർത്തുനായയെ കാണാതായിട്ട് മൂന്നുദിവസം കഴിഞ്ഞു. ഏറെ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇഷാനെ വെള്ളിയാഴചയാണ് കാണാതായത്.
മൂന്നു ദിവസമായിട്ടും നായയെ കണ്ടുകിട്ടാത്തതെ തുടർന്ന് വീട്ടുകാർ പത്രപരസ്യവും പൊലീസിൽ പരാതിയും നൽകിയിരുന്നു. പഗ് ഇനത്തിൽപ്പെട്ട നായയെ മനുഷ്യക്കുട്ടിയെ പോലെ ലാളിച്ചാണ് രത്നമ്മയും മകൾ അദ്ധ്യാപികയുമായ അഞ്ജുവും വളർത്തിയിരുന്നത്. വീട്ടിൽ നിന്ന് ഇഷാനെ പുറത്ത് കൊണ്ടുപോകുമ്പോൾ ഒരു ഉടുപ്പിടീച്ച് കൊണ്ടാണ് പോകാറ്. മാസങ്ങൾക്ക് മുമ്പ് 12,500 രൂപയ്ക്ക് കോട്ടയത്തുനിന്നാണ് ഇഷാനെ വാങ്ങിയത്. തുടർന്ന് വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നെന്ന് അഞ്ജു പറഞ്ഞു.
അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളും മാനസിക പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ അവൻ പെട്ടെന്ന് തിരിച്ചറിഞ്ഞ് തൊട്ടുരുമ്മിയിരിക്കും. എവിടെ പോയാലും കൂട്ടായി കൂടുമെന്നും അവർ പറഞ്ഞു. നായയെ ആരും കൊണ്ടുപോകാതെ തനിയെ പുറത്ത് പോകാനാവില്ലെന്നും അഥവാ ഗേറ്റിന് വെളിയിൽ ഇറങ്ങിയാലും പെട്ടെന്ന് ചാടി അകത്തു കയറുമെന്നാണ് വീട്ടുകാർ പറയുന്നത്. കിടപ്പിലായ രത്നമ്മയുടെ ആരോഗ്യം വീണ്ടെടുക്കാൻ ഇഷാന്റെ സാന്നിദ്ധ്യം കൂടിയേ കഴിയൂ എന്നും അഞ്ജു പറഞ്ഞു.