ന്യൂയോർക്ക് : ഐക്യരാഷ്ട്ര സഭയിലെ പൊതുസമ്മേളനം കഴിഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി തിരികെ രാജ്യത്തെത്തിയ ഉടൻ പാക് യുൻ സ്ഥിരം പ്രതിനിധി മലീഹ ലോദിയുടെ കസേര തെറിച്ചു. കാശ്മീർ വിഷയത്തിലടക്കം യു.എന്നിലെ അംഗരാഷ്ട്രങ്ങളുടെ പിന്തുണ സമ്പാദിക്കാൻ കഴിയാതിരുന്നതാണ് മലീഹയുടെ സ്ഥാനം തെറിക്കാൻ ഇടയാക്കിയത്. മലീഹയ്ക്ക് പകരമായി മുനീർ അക്രത്തിനെയാണ് യു.എന്നിലെ സ്ഥിരം പ്രതിനിധിയായി പാകിസ്ഥാൻ നിയമിച്ചിരിക്കുന്നത്. 2002 മുതൽ 2008 വരെ മുനീർ അക്രം ഈ പദവി യു.എന്നിൽ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്.
അമേരിക്കയിൽ പാക് പ്രധാനമന്ത്രിയുടെ സന്ദർശനം പൂർണപരാജയമായിരുന്നു എന്ന വിലയിരുത്തലിലേക്ക് മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് യു.എന്നിലെ ഉദ്യോഗവൃന്ദത്തിൽ അഴിച്ചുപണിയിലേക്ക് പാകിസ്ഥാൻ കടന്നത്. ഒരേ സമയം അമേരിക്കയിൽ നരേന്ദ്ര മോദിയും ഇമ്രാൻ ഖാനും സന്ദർശനം നടത്തുകയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യുകയും ചെയ്തതോടെ വിദേശമാദ്ധ്യമങ്ങളിലടക്കം ഇരു നേതാക്കളെയും താരതമ്യം ചെയ്തുകൊണ്ടുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
അമേരിക്കയിലെത്തിയ നരേന്ദ്രമോദിക്കും ഇമ്രാൻ ഖാനോടും രണ്ടു തരത്തിലുള്ള സമീപനമാണ് അമേരിക്കൻ ഭരണകൂടം സ്വീകരിച്ചത്. ചുവന്ന പരവതാനി വിരിച്ച് നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ട്രംമ്പ് ഭരണകൂടത്തിലെ പ്രതിനിധി നേരിട്ടെത്തിയപ്പോൾ പാക് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അമേരിക്കയിലെ പാക് എംബസിയിലെ ഉദ്യോഗസ്ഥർ മാത്രമാണുണ്ടായിരുന്നത്. യു.എന്നിൽ പ്രസംഗിക്കുന്നതിത് മുൻപേ 'ഹൗഡി മോദി'യെന്ന പേരിൽ നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഇന്ത്യൻ വംശജർ ഏർപ്പെടുത്തിയ വർണശബളമായ സ്വീകരണവും, ഈ ചടങ്ങിലേക്ക് അമേരിക്കൻ പ്രസിഡന്റ് നേരിട്ടെത്തിയതും ഇന്ത്യയ്ക്ക് പാകിസ്ഥാന് മേൽ മേൽക്കൈ നേടിക്കൊടുത്തിരുന്നു. അതേ സമയം ഐക്യരാഷ്ട്ര സഭയിൽ കാശ്മീർ പ്രശ്നത്തെ അനുവദിച്ചതിലും മുപ്പത് മിനിട്ടോളം അധികമെടുത്ത് അവതരിപ്പിച്ചിട്ടും ചൈനയൊഴികെയുള്ള മറ്റ് അംഗരാജ്യങ്ങളുടെ ശ്രദ്ധ ആകർഷിക്കുവാൻ പാകിസ്ഥാനായിരുന്നില്ല.