ന്യൂഡൽഹി: അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവും മുൻ ധനകാര്യമന്ത്രിയുമായ അരുൺ ജെയ്‌റ്റ്‌ലിക്ക് ലഭിക്കേണ്ട പെൻഷൻ വേണ്ടെന്നുവച്ച് കുടുംബം. ഈ തുക രാജ്യസഭയിലെ കുറഞ്ഞ ശമ്പളക്കാരായ ക്ലാസ് ഫോർ ജീവനക്കാർക്ക് നൽകാനാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ജെയ്‌റ്റ്‌ലിയുടെ ഭാര്യ സംഗീത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിനും കത്തയച്ചു.
മാസത്തിൽ 50,000 രൂപയാണ് ജെയ്‌റ്റ്‌ലി പെൻഷനായി ലഭിച്ചിരുന്നത്. പാർലമെന്റ് അംഗങ്ങൾ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് പെൻഷന്റെ 50 ശതമാനമാണ് ലഭിക്കുക. അതായത് 25000 രൂപ. മനുഷ്യസ്നേഹി എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ ഭൂതകാലം കണക്കിലെടുത്താണ് പെൻഷൻ തുക വേണ്ടെന്ന് വയ്ക്കുന്നതെന്ന് കുടുംബാംഗങ്ങൾ കത്തിലൂടെ വ്യക്തമാക്കി.
ആഗസ്റ്റ് 24നാണ് ജെയ്‌റ്റ്‌ലി അന്തരിച്ചത്. ഒന്നാം മോദി മന്ത്രിസഭയിൽ ജെയ്‌റ്റ്‌ലി ധനമന്ത്രിയായിരുന്ന സമയത്താണ് നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയവ നടപ്പായത്.