പ്രതിപക്ഷത്തിന്റെയും ശത്രുക്കളുടെയും എല്ലാ കണക്കുക്കൂട്ടലുകളും തെറ്റിച്ചു കൊണ്ട് ബഞ്ചമിൻ നെതന്യാഹു വീണ്ടും ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. സെപ്തംബർ 17ന് നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വലത് -വംശീയ രാഷ്ട്രീയ സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൂടുതൽ പാർലമെന്റ് അംഗങ്ങളുടെ പിന്തുണയുള്ള സഖ്യമായതിനാലാണ് മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് റുവൻ റിവ്ലിൻ അദ്ദേഹത്തെ ക്ഷണിച്ചത്.
ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന നേതാവെന്ന നിലയിലാണ് ബഞ്ചമിൻ നെതന്യാഹു ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിലേക്ക് മത്സരിച്ചത്. ഈ വർഷം നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇപ്പോൾ കഴിഞ്ഞത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. എന്നാലും കേവല ഭൂരിപക്ഷം ലഭിച്ച മുന്നണിക്ക് നേതൃത്വം നൽകുന്ന നേതാവായതിനാലാണ് നെതന്യാഹു കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ചത്. മുന്നണിയുടെ ഘടകക്ഷിയും അഞ്ച് അംഗങ്ങളുടെ പിന്തുണയുമുള്ള ദേശീയവാദി പാർട്ടി, മുന്നണി വിട്ടപ്പോൾ ഒരു സീറ്റിന്റെ കുറവിൽ നെതന്യാഹുവിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തുടർന്നാണ് ഇസ്രയേൽ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് പോയത്.
വംശീയതയുടെ
അപ്പോസ്തലൻ
തീവ്രമതാധിഷ്ഠിത കക്ഷിയായ ലിക്വിഡ് പാർട്ടി നയിക്കുന്ന മുന്നണിയുടെ ഘടകകക്ഷികളും അതേ ചിന്താഗതി വച്ചു പുലർത്തുന്നവരാണ്. ഒട്ടേറെ അഴിമതി ആരോപണങ്ങൾക്ക് വിധേയനായ നെതന്യാഹു, അഴിമതി ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റുന്നതിന്റെ ഭാഗമായാണ് അവിഭക്ത ജറുസലേമിനെ തലസ്ഥാനമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രചരണത്തിനിറങ്ങിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പിന്തുണയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം ഉപയോഗിച്ചു. പ്രതീക്ഷിച്ചത് പോലെ ഏളുപ്പമല്ലെന്ന് മനസിലാക്കിയപ്പോൾ, ജറുസലേമിലെ വാണിജ്യ മേഖലകളിലും, ബസ് സ്റ്റാൻഡിലുമൊക്കെ പോയി ജനങ്ങളോട് നേരിട്ട് വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിക്കാനും മടിച്ചില്ല. മാത്രമല്ല, അറബ് വംശജരായ ഇസ്രയേലി വോട്ടർമാർ തന്നെ തോൽപ്പിക്കാൻ കൂട്ടമായി വോട്ട് ചെയ്യുമെന്നും അതിനെ മിറകടക്കാൻ ജൂതവോട്ടർമാർ തന്റെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്നും ഒരു ഉളുപ്പുമില്ലാതെയാണ് നെതന്യാഹു ആവശ്യപ്പെട്ടത്.
വംശീയ വികാരം ഉയർത്തി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിക്കാമെന്ന പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പിന് മുമ്പ് ഒരംഗത്തിന്റെ കുറവിലാണ് ഭൂരിപക്ഷം നഷ്ടപ്പെട്ടതെങ്കിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആറ് പേരുടെ കുറവാണ് അദ്ദേഹത്തിന്റെ മുന്നണിക്ക് ഉണ്ടായത്. ഏറ്റവും വലിയ കക്ഷി എന്ന സ്ഥാനവും ലിക്വിഡ് പാർട്ടിക്ക് നഷ്ടമായി. ലിക്വിഡ് പാർട്ടിക്ക് 31 സീറ്റും മുൻ പട്ടാള മേധാവി ബെന്നി ഗാന്റ്സിന്റെ നേതൃത്വത്തിലുള്ള മിതവാദി പാർട്ടിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്ക് 33 സീറ്റുമാണ് ലഭിച്ചത്. ലിക്വിഡ് പാർട്ടി നേതൃത്വം നൽകുന്ന വലത്-വംശീയ മുന്നണിക്ക് 55 സീറ്റും, ബ്ലു ആന്റ് വൈറ്റ് കക്ഷി നേതൃത്വം നൽകുന്ന മുന്നണിക്ക് 44 സീറ്റും ലഭിച്ചു. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ഇല്ല. അറബ് പാർട്ടികളുടെ മുന്നണിക്ക് 13 സീറ്റാണ് ലഭിച്ചത്.
അഴിമതി കേസുകളിൽ
ശിക്ഷിക്കപ്പെടുമാ?
അധികാരം വിട്ടുള്ള ഒരു കളിക്കും നെതന്യാഹു തയ്യാറല്ല. നിരവധി അഴിമതി കേസുകളിൽ ആരോപിതനായ ആളാണ് അദ്ദേഹം മാത്രമല്ല, ഇതിൽ ചില കേസുകളിൽ അടുത്ത ആഴ്ച വിചാരണ ആരംഭിക്കാനിരിക്കുകയുമാണ്. സർക്കാർ പണം ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിസ്ഥാനം ഒരു മറയായി ഉപയോഗിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. ഇപ്പോഴത്തെ പ്രസിഡന്റിന്റെ കാലാവധി 2021 ജൂലായിൽ അവസാനിക്കും. അപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മാറണമെന്നാണ് നെതന്യാഹു അഗ്രഹിക്കുന്നത്. പ്രസിഡന്റായാൽ കേസുകളിലെ വിചാരണയിൽ നിന്നും ശിക്ഷാ നടപടികളിൽ നിന്നും ഒഴിവാകാൻ ഭരണഘടനാപരമായ അവകാശം ലഭിക്കും. അതുകൊണ്ട് എങ്ങനെയും രണ്ടു വർഷം കൂടി അധികാരത്തിൽ തുടരേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്.
ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, ബ്ലൂ ആന്റ് വൈറ്റ് പാർട്ടി നയിക്കുന്ന മുന്നണിയുമായി ചേർന്നുള്ള ഒരു ഐക്യ സർക്കാർ രൂപീകരിക്കാം എന്ന വാഗ്ദാനം അദ്ദേഹം നൽകിയെങ്കിലും അഴിമതി ആരോപണ വിധേയനായ നെതന്യാഹുവുമായി ചേർന്നുള്ള ഒരു സർക്കാരിന് തയ്യാറല്ലെന്ന് മുൻ പട്ടാള മേധാവികൂടിയായിരുന്ന ബ്ലു ആൻഡ് വൈറ്റ് പാർട്ടി നേതാവ് ബെന്നി ഗാന്റ ്സ് മധ്യസ്ഥ ചർച്ചയ്ക്ക് പ്രേരിപ്പിച്ച ഇസ്രയേൽ പ്രസിഡന്റ് റുവൻ റിവ്ലിനോട് തന്നെ വ്യക്തമാക്കി. 13 അംഗങ്ങളുള്ള അറബ് കൂട്ടുകെട്ടും എട്ടംഗങ്ങളുള്ള ബൈത്തനു പാർട്ടിയും നെതന്യാഹുവുമൊത്ത് ഒരു മന്ത്രിസഭയ്ക്കില്ലെന്ന് വ്യക്തമാക്കി. വലത് തീവ്ര സ്വഭാവമുള്ള ബൈതനു പാർട്ടി, മിതവാദി പാർട്ടിയായ ബ്ലു ആന്റ് വൈറ്റ് പാർട്ടിയുമായി സഹകരിക്കാനും തയ്യാറല്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ അധികാരമുള്ള ഇസ്രയേൽ പ്രസിഡന്റ് ഓരോ നേതാവിനുമുള്ള പിന്തുണ അറിയാൻ കക്ഷി നേതാക്കളെയെല്ലാം നേരിട്ട് കണ്ടത്. ഒടുവിൽ 120 അംഗ സഭയിൽ 55 പേരുടെ പിന്തുണയുള്ള നെതന്യാഹുവിനോട് തന്നെ
മന്ത്രിസഭ രൂപീകരിയ്ക്കാനും 28 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെടുകയായിരുന്നു. നിശ്ചിത തീയതിക്കകം നെതന്യാഹുവിന് ഭൂരിപക്ഷ പിന്തുണ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ വീണ്ടും 14 ദിവസം കൂടി സമയം നൽകാൻ പ്രസിഡന്റിന് സാധിക്കും. ആ കാലയളവിലും ഭൂരിപക്ഷ പിന്തുണ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ 54 പേരുടെ പിന്തുണയുള്ള ബെന്നി ഗാന്റ്സിനെ മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റിന് ക്ഷണിക്കാം. അദ്ദേഹവും പരാജയപ്പെട്ടാൽ, ഇസ്രയേൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരും.
അധികാരത്തിലേറിക്കഴിഞ്ഞാൽ മറ്റ് ചെറിയ പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാൻ നെതന്യാഹു എല്ലാ ശ്രമങ്ങളും നടത്തുമെന്ന കാര്യത്തിൽ സംശയമില്ല. തന്നെ എഴുതിത്തള്ളിയവരെപ്പോലും അതിശയിപ്പിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലൂടെ നെതന്യാഹു നെസെറ്റിൽ ഭൂരിപക്ഷം തെളിയിച്ച് വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാണ് സാദ്ധ്യത.
( ലേഖകന്റെ ഫോൺ : 9847173177)