നിരവധി ചിത്രങ്ങളിലൂടെ നായകനും വില്ലനുമൊക്കെയായി പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ താരമാണ് സായി കുമാർ. ഭാര്യ ബിന്ദു പണിക്കറും പ്രേക്ഷകരുടെ ഇഷ്ട താരം തന്നെ. കൂടാതെ ടിക്‌ടോക് വീഡിയോയിലൂടെ ബിന്ദു പണിക്കറുടെ മകൾ അരുന്ധതി സോഷ്യൽ മീഡിയയിലും താരമാണ്.
ഈ താരകുടുംബത്തെ വിടാതെ നിരവധി വിവാദങ്ങളുമുണ്ടായിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം 2009 ലാണ് സായി കുമാർ ബിന്ദു പണിക്കറെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹ മോചനത്തിന് മുമ്പ് തന്നെ സായി കുമാറും ബിന്ദു പണിക്കറും തമ്മിൽ ബന്ധമുണ്ടായിരുന്നെന്ന രീതിയിൽ ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അത്തരം ഗോസിപ്പുകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സായി കുമാർ.
'ബിന്ദുവിന്റെ മാത്രമല്ല, നിരവധി സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു. ഏറ്റവും ഒടുവിലാണ് ബിന്ദു വന്നത്. എന്നാൽ സത്യത്തിൽ എനിക്കന്ന് അവളുമായി വലിയ അടുപ്പം ഇല്ല. ബിന്ദുവിന്റെ ഭർത്താവും അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന ബിജുവിനോടായിരുന്നു സൗഹൃദം'- താരം പറഞ്ഞു.
ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സായി കുമാർ മനസ് തുറന്നത്. 2003ലാണ് ബിന്ദു പണിക്കറുടെ ആദ്യ ഭർത്താവ് മരിക്കുന്നത്. ആ ബന്ധത്തിലെ മകളാണ് കല്ലു എന്ന് വിളിക്കുന്ന അരുന്ധതി.