ന്യൂഡൽഹി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. ജസ്റ്റിസ് എം.വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്. കേസ് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് സി.ബി.ഐ അഭിഭാഷകൻ അറിയിച്ചു. ലാവ്‍ലിൻ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ ഹർജിയാണ് മാറ്റിയത്. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും, കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെ.എസ്.ഇബി മുൻ ഉദ്യോഗസ്ഥരുടെ ഹർജികളുമാണ് കോടതി ലിസ്റ്റ് ചെയ്തിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീച്ചത്. പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും വിചാരണ ചെയ്യണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് സി.ബി.ഐയുടെ ആരോപണം.
കുറ്റപത്രത്തിൽ നിന്ന് പിണറായി അടക്കം പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകൾ പരിശോധിക്കാതെയാണ്. വിധി റദ്ദുചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ച മൂന്ന് കെ.എസ്.ഇബി മുൻ ഉദ്യോഗസ്ഥരും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.