''കറുത്ത രൂപങ്ങൾ..."
സി.ഐ അലിയാർ മീശയിൽ വിരലോടിച്ചുകൊണ്ട് അല്പസമയം ആരവിനെയും ആരതിയെയും നോക്കിയിരുന്നു.
''അവർ മനുഷ്യർ തന്നെ ആയിരുന്നല്ലോ. അല്ലേ?"
''ങാ..." ആരവ് തലയാട്ടി.
''പക്ഷേ ഞങ്ങളിന്നുവരെ കാണാത്ത തരത്തിലൊള്ളോരാ...."
ആ ക്ഷണം അലിയാർ തീരുമാനിച്ചു. വടക്കേ കോവിലകത്ത് ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുണ്ട്.
അവിടെ നിന്ന് എല്ലാവരെയും ഭയപ്പെടുത്തി ഓടിക്കുകയാണോ ലക്ഷ്യം?
അതോ മറ്റു പലതുമോ?
''ഞാൻ പിന്നെ വരാം."
അലിയാർ എഴുന്നേറ്റു. സുരേഷിനെയും ഹേമലതയെയും മുറിക്കു പുറത്തേക്കു വിളിച്ചു.
''നിങ്ങൾ സൂക്ഷിക്കണം. അല്ലെങ്കിൽ കേസ് ഞാൻ തെളിയിക്കുന്നതുവരെ കോവിലകത്തുനിന്ന് മാറി താമസിക്കണം. പ്രത്യേകിച്ച് അവിടെ വരുന്നവരുടെ ലക്ഷ്യമെങ്കിലും അറിയുന്നതുവരെ..."
''അല്ലെങ്കിലും ഞാൻ കുഞ്ഞുങ്ങളുമായി ഇനി അങ്ങോട്ടേക്കില്ല സാർ."
ഹേമലത തീർത്തു പറഞ്ഞു.
''അത് കേട്ടുകൊണ്ടാണ് എം.എൽ.എ ശ്രീനിവാസ കിടാവ് മുറിയിലേക്കു വന്നത്.
''എന്ന് മോളുമാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ?"
ചോദിച്ചു കഴിഞ്ഞാണ് അയാൾ അലിയാരെ കണ്ടത്. അതോടെ മുഖം മുഷിഞ്ഞു.
''അങ്കിൾ... ഞാൻ... എന്റെ കുഞ്ഞുങ്ങളുടെ പ്രാണൻ..."
ഹേമലത ബാക്കി പറയുവാൻ സമ്മതിച്ചില്ല കിടാവ്.
''ഇനി അവിടെ ഒന്നും ഉണ്ടാകില്ല. എല്ലാ ഭാഗത്തും സി.സി.ടിവി ക്യാമറകൾ ഫിറ്റു ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി കോവിലകത്തിനുള്ളിലൂടെ ഒരു നരിച്ചീർ പറന്നാൽ പോലും നമ്മൾ കാണും."
താൻ കൂടി കേൾക്കാനാണ് കിടാവ് അങ്ങനെ പറയുന്നതെന്ന് അലിയാർക്കു മനസ്സിലായി. പക്ഷേ അലിയാർ അത് ഭാവിക്കാതെ സുരേഷിന്റെ നേരെ തിരിഞ്ഞു.
''അവിടെ താമസിക്കുകയോ താമസിക്കാതിരിക്കുകയോ... അത് നിങ്ങളുടെ കാര്യം. എന്നാൽ അവിടെ നടന്നതിന്റെയെല്ലാം നിജസ്ഥിതി കണ്ടുപിടിച്ചിരിക്കും ഞാൻ."
മറുപടിക്കു കാക്കാതെ അലിയാർ സ്റ്റേഷനിലേക്കു മടങ്ങി.
തന്റെ ക്യാബിനിൽ ഇരുന്ന് ലാപ്ടോപ്പിൽ അയാൾ മാൻമിസ്സിംഗ് കേസുകളിലെ കുറച്ചു പേരുകൾ കൂടി വെട്ടിമാറ്റി.
അവസാനം പത്ത് പേരുകൾ സെലക്ടു ചെയ്തു.
അതിൽ ഒന്ന് ഏറ്റവും അവസാനം റിപ്പോർട്ടു ചെയ്യപ്പെട്ട അണലി അക്‌ബറുടേതായിരുന്നു.
അലിയാർ ഫോൺ എടുത്ത് ഫോറൻസിക് ലാബിലേക്കു വിളിച്ചു.
ഡോക്ടർ സേതുപതിയുമായി സംസാരിച്ചു....
******
മായാർ.
അഞ്ചുമണി.
രാവിലെ ശിവലിംഗത്തെ പിടിക്കുവാൻ പോയ ജീപ്പുതന്നെ പരുന്ത് റഷീദ്, ചന്ദ്രകലയുടെയും പ്രജീഷിന്റെയും വാടക വീട്ടിലേക്കു വിളിച്ചുവരുത്തി.
ശിവലിംഗം കുളിക്കുകയും പ്രജീഷ് നൽകിയ വസ്ത്രങ്ങൾ മാറ്റി ധരിക്കുകയും ചെയ്തിരുന്നു.
പ്രജീഷ്, റിവോൾവറും പിസ്റ്റളും തന്റെ അരയിൽ ഇരുഭാഗത്തായി തിരുകി.
അത്യാവശ്യം വേണ്ടതു മാത്രം എടുത്തുകൊണ്ട് ആ സംഘം ജീപ്പിൽ കയറി.
നഷ്ടപ്പെട്ട പത്തുകോടി രൂപ തിരിച്ചുപിടിക്കാൻ...
വല്ലാത്തൊരാവേശത്തിലായിരുന്നു ചന്ദ്രകലയും പ്രജീഷും.
********
നിലമ്പൂർ ഹോസ്പിറ്റൽ.
അഞ്ചുമണിക്ക് ഡോക്ടർ, ആരവിനെയും ആരതിയെയും കിടത്തിയിരുന്ന റൂമിലെത്തി.
സുരേഷിനെയും ഹേമലതയെയും കൂടാതെ അവിടെ ശ്രീനിവാസ കിടാവും അനുജൻ ശേഖര കിടാവും ഉണ്ടായിരുന്നു.
''ഇനി വേണമെങ്കിൽ ഇവരെ വീട്ടിൽ കൊണ്ടുപോകാം."
ഡോക്ടർ, ആരവിന്റെയും ആരതിയുടെയും ശിരസ്സിൽ മെല്ലെ തലോടി.
''ഞങ്ങൾ ഇക്കാര്യം ഡോക്ടറോട് അങ്ങോട്ട് ചോദിക്കാൻ ഭാവിക്കുകയായിരുന്നു.
കിടാവ് അറിയിച്ചു.
അപ്പോൾത്തന്നെ ബില്ലുകൾ പേ ചെയ്തു.
ഹേമലതയുടെ അനിഷ്ടത്തെ അവഗണിച്ച് ശ്രീനിവാസ കിടാവ് മകനെയും മരുമകളെയും കുട്ടികളെയും വടക്കേ കോവിലകത്തേക്കു കൊണ്ടുപോയി......
അവിടെ...
ക്യാമറകൾ സ്ഥാപിച്ചിരുന്നു.
മൊത്തം എട്ടെണ്ണം. നാലെണ്ണം കോവിലകത്തിനു പുറത്തും നാലെണ്ണം അകത്തും.
സുരേഷിന്റെയും ഹേമലതയുടെയും ബഡ്റൂമിലാണ് തൊണ്ണൂറ്റിയെട്ട് ഇഞ്ച് വലിപ്പത്തിലുള്ള കൂറ്റൻ എൽ.ഇ.ഡി ടിവിയിലേക്ക് അവ കണക്ടു ചെയ്തിരുന്നത്. എട്ടു ചതുരങ്ങളായി എട്ട് ക്യാമറകളുടെയും ദൃശ്യങ്ങൾ...
''ഹായ്..." അതുകണ്ട് ആരവും ആരതിയും തുള്ളിച്ചാടി.
കിടാവ് അഭിമാനത്തോടെ പറഞ്ഞു:
''ഇനി എവിടെ എന്തു നടന്നാലും നിങ്ങൾക്ക് ഇവിടെയിരുന്നു കാണാം."
അടുക്കളയിൽ ഭാനുമതി ജോലി ചെയ്യുന്നതുവരെ അവർ അവിടെയിരുന്നു കണ്ടു.
സുരേഷ് കിടാവിന് ആത്മവീര്യം തിരിച്ചുകിട്ടി.
''ഇനി വരട്ടെ... പ്രേതങ്ങളും കറുത്ത രൂപങ്ങളും." അയാൾ പല്ലിറുമ്മി.
കിടാവ് പോയി.
സന്ധ്യയായി.
ഹേമലത വരാന്തയിലെ തൂക്കുവിളക്കിൽ എണ്ണയൊഴിച്ചു തിരിയിട്ടു കത്തിച്ചു.
അവളുടെ ഉള്ളിൽ പക്ഷേ സന്ദേഹം ബാക്കിയായിരുന്നു...
ക്യാമറ വച്ചതുകൊണ്ട് തങ്ങൾ രക്ഷപ്പെടുമോ?
(തുടരും)