by-election

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വട്ടിയൂർക്കാവിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയെന്ന ഗുരുതര ആരോപണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. കോൺഗ്രസിന്റെ ഗ്രൂപ്പ് പോരുകൾ അവസാനിച്ചെന്നും സർക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം 'ഫ്ളാഷി'നോട് പറഞ്ഞു. മുല്ലപ്പള്ളി സംസാരിക്കുന്നു:

വെറും അഭ്യൂഹമല്ല

വട്ടിയൂർക്കാവിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണ്. വെറും അഭ്യൂഹങ്ങളുടെ പുറത്തല്ല ഞാൻ ഈ പറയുന്നത്. ഇരു പാർട്ടികളുടേയും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. പണ്ടത്തെ പോലെയല്ല സി.പി.എമ്മിനകത്തും ബി.ജെ.പിക്കകത്തും എന്തൊക്കെ നടക്കുന്നുവെന്ന് ആ നിമിഷം തന്നെ ഞങ്ങൾക്ക് വിവരം ലഭിക്കുന്നുണ്ട്. കുമ്മനം രാജശേഖരനോട് എനിക്ക് നൂറുശതമാനം വിയോജിപ്പുണ്ട്. ആർ.എസ്.എസിന്റേയും സംഘപരിവാറിന്റേയും വക്താവാണ് അദ്ദേഹം. ഇരുപത്തി നാല് മണിക്കൂറും ഹിന്ദുത്വ രാഷ്ട്രീയത്തോട് പ്രതിബദ്ധത പുലർത്തുന്ന ഒരാളാണ് കുമ്മനം എന്നതിൽ തർക്കമില്ല. ആ കുമ്മനത്തെ തഴഞ്ഞ് എന്തിനാണ് താരതമ്യേന ദുർബലനായ ഒരാളെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയത്? കുമ്മനം സ്ഥാനാർത്ഥിയാകുമെന്ന് മറ്റാരുമല്ല ഒ. രാജഗോപാലാണ് പരസ്യമായി പറഞ്ഞത്. പിന്നെ എങ്ങനെയാണ് നാടകീയമായി അദേഹം സ്ഥാനാർത്ഥി അല്ലാതെയായത് ? ബി.ജെ.പിയിൽ തുടരുന്ന ഗ്രൂപ്പ് പോരിന്റെ ഉദാഹരണം കൂടിയാണത്. വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് കഴിഞ്ഞാലും സി.പി.എം, ബി.ജെ.പി ധാരണ അവസാനിക്കില്ല. അത് കേരളത്തിലെ പൊതുസമൂഹം ചർച്ച ചെയ്യണം.

ഗ്രൂപ്പ്‌പോര് കഴിഞ്ഞു

അടൂർ പ്രകാശ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വളരെ ആക്ടീവാണ്. കോന്നിയിൽ മോഹൻരാജിനെ വിജയിപ്പിക്കാനുള്ള എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്താണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് പോര് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. 1906ലെ സൂറത്ത് സമ്മേളനത്തിൽ മിതവാദികളും തീവ്രവാദികളും തമ്മിൽ തുടങ്ങിയ ഗ്രൂപ്പ് പോരാണത്. കോൺഗ്രസ് വിശാലമായ ഒരു ജനാധിപത്യ പാർട്ടിയാണ്. പക്ഷേ, പ്രതിസന്ധി മുന്നിൽ വരുമ്പോൾ എല്ലാം മറന്ന് ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും. അഞ്ചിടത്തും യു.ഡി.എഫ് സ്ഥാനാർത്ഥികൾ തന്നെ വിജയിക്കും. പാലായിൽ കേരള കോൺഗ്രസിലെ പടലപ്പിണക്കങ്ങളാണ് യു.ഡി.എഫ് തോൽക്കാനുളള കാരണമെന്ന് മുഖ്യധാര മാദ്ധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്ത കാര്യമാണ്. അവിടെ നിഷേധ വോട്ടാണ് നടന്നത്. രാഷ്ടീയം ചർച്ചയായിട്ടില്ല. രണ്ടിലയും ജോസ്‌ജോസഫ് പോരും മാത്രമാണ് പാലായിൽ എൽ.ഡി.എഫ് ഉയർത്തിക്കാട്ടിയ വിഷയങ്ങൾ. എൻ.ഡി.എക്ക് ഏഴായിരം വോട്ട് കുറഞ്ഞത് ചെറിയ കാര്യമല്ല. അവിടെ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ ഒളിച്ചുകളിയും വോട്ട് കച്ചവടവും നടന്നു. മദ്ധ്യതിരുവിതാംകൂറിൽ മാത്രം പോക്കറ്റുളള കേരളകോൺഗ്രസ് പോലൊരു പാർട്ടിയെ തോൽപ്പിക്കാൻ എൽ.ഡി.എഫും ബി.ജെ.പിയും ധാരണയുണ്ടാക്കിയത് ചെറിയ കാര്യമല്ല.

mullappalli-ramachandran-

വിലയിരുത്തൽ

നടക്കാൻ പോകുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പും രാഷ്ട്രീയ യുദ്ധമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പുകൾ. അത്തരത്തിലുള്ള രാഷ്ട്രീയ ക്യാമ്പയിൻ നടന്നാൽ ഉറപ്പായും യു.ഡി.എഫിന് അനുകൂലമായി ജനവിധി ഉണ്ടാകും. സർക്കാരിനൊപ്പം തന്നെ പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ്. ഇരുപതിൽ ഇരുപത് സീറ്റും ലോക്സഭയിൽ വിജയിക്കുമെന്ന് പറഞ്ഞപ്പോൾ നിങ്ങൾക്കെല്ലാം പരിഹാസമായിരുന്നു. പക്ഷേ, 19 സീറ്റുകളിലും ഞങ്ങൾ ജയിച്ചുകയറി. ആലപ്പുഴ കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്ടപ്പെട്ടത്. എന്നാൽ, അരൂരിലേക്ക് എത്തുമ്പോൾ അത് മറികടക്കുന്നതിനുളള എല്ലാ പഴുതുകളും ഞങ്ങൾ അടച്ച് കഴിഞ്ഞു. എൽ.ഡി.എഫിന്റെ കോട്ടയായ അരൂരിൽ ഷാനിമോൾ ഉസ്മാൻ അത്ഭുതങ്ങൾ സൃഷ്ടിക്കും. നിങ്ങൾ അറിയാത്ത രാഷ്ട്രീയ ധ്രുവീകരണം അവിടെ സംഭവിക്കും.

സുരേന്ദ്രൻ ഭീഷണിയല്ല

കോന്നിയിൽ കെ. സുരേന്ദ്രൻ ഒരിക്കലും യു.ഡി.എഫിന് ഭീഷണിയാകില്ല. ശബരിമല വിഷയം ആളിക്കത്തി നിന്ന സമയത്ത് സർവ്വശക്തിയും സമാഹരിച്ചാണ് അദ്ദേഹം പത്തനംതിട്ട ലോക്സഭയിൽ മത്സരത്തിനിറങ്ങിയത്. പക്ഷേ, ജനം തൂത്തെറിഞ്ഞു. അതെപോലെ തന്നെ ഈ ഉപതിരഞ്ഞെടുപ്പിലും സംഭവിക്കും.