മസ്‍കറ്റ്: ഒമാനിൽ ആഞ്ഞടിച്ച ഹിക്ക ചുഴലിക്കാറ്റിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാർ മരിച്ചു. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഇവരിൽ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒമാൻ അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലേദേശ് പൗരന്മാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ ശ്രമിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. സെപ്തംബർ 17നാണ് ഈ ബോട്ട് കടലിൽ പോയിരുന്നത്.
സെപ്തംബർ 26നാണ് അപകടം സംബന്ധിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. അറബിക്കടലിൽ രൂപംകൊണ്ട ഹിക്ക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് മേഖലയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.