കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ പോളിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ചെറു സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രദേശവാസികൾ. സ്ഫോടനത്തിലൂടെ ഈ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഇതിനടുത്തായി സ്ഥിതി ചെയ്യുന്ന ആറായിരത്തോളം വീടുകളെ അത് പ്രതികൂലമായി ബാധിക്കുമെന്ന് പരിസരവാസികൾ പറയുന്നു.
ചെറിയൊരു വെടിക്കെട്ട് ഉണ്ടായാൽ പോലും ചില്ല് തകരുന്ന വീടുകളാണ് ഫ്ലാറ്റുകൾക്ക് ചുറ്റുമുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഫ്ലാറ്റുകൾ പൊളിക്കാൻ തീരുമാനമെടുത്ത ശേഷം ഇടയ്‌ക്കിടെ പ്രദേശവാസികൾ നഗരസഭയിലെത്തി അധികൃതരോട് തങ്ങളുടെ ആശങ്ക പങ്കുവച്ചിരുന്നു. തങ്ങളുടെ വാദം ചെവി കൊള്ളാൻ അധികൃതർ തയ്യാറാകാത്തതിനാൽ, ജനകീയ കൺവെൻഷനും പ്രക്ഷോഭങ്ങളും നടത്താനാണ് ഇവരുടെ തീരുമാനം. വരും ദിവസങ്ങളിൽ എം.എൽ.എയേയും സർക്കാർ പ്രതിനിധികളെയും കണ്ട് ആശങ്ക അറിയിക്കുമെന്നും, സർക്കാരിൽ നിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ ഫ്ലാറ്റ് പൊളിക്കാൻ സമ്മതിക്കില്ലെന്നും ഇവർ പറയുന്നു.
അതേസമയം മരടിലെ ഫ്ലാറ്റുകൾക്ക് അനുമതി നൽകിയ രേഖകളും മറ്റും പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ഇന്ന് നഗരസഭ കാര്യാലയത്തിൽ എത്തിയിരുന്നു. ഫ്ളാറ്റുകളിൽ നിന്ന് വാടകക്കാർ ഒഴിഞ്ഞുപോയി തുടങ്ങിയെങ്കിലും താമസസ്ഥലം സംബന്ധിച്ചുള്ള ഉറപ്പ് അധികൃതരിൽ നിന്ന് ലഭിക്കാതെ ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ഫ്ലാറ്റ് ഉടമകൾ.
90 ദിവസത്തിനുള്ളിൽ കെട്ടിടങ്ങൾ പൊളിക്കുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവെ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 138 ദിവസത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. നാലു ഫ്ളാറ്റുകളുടെയും നിർമ്മാതാക്കളുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പോൾ രാജ് (ഡയറക്ടർ, ആൽഫ വെഞ്ചേഴ്സ്) സാനി ഫ്രാൻസിസ് (എം.ഡി,ഹോളി ഫെയ്‌ത്ത്) സന്ദീപ് മാലിക്ക് (എം.ഡി, ജെയിൻ ഹൗസിംഗ്), കെ.വി.ജോസ് (എം.ഡി, കെ.പി.വർക്കി ബിൽഡേഴ്സ്) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഫ്ളാറ്റുടമകൾക്ക് നഷ്‌ടപരിഹാരം നിശ്ചയിക്കാൻ റിട്ട.ഹെെക്കോടതി ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതിയെയും സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്. ഫ്ളാറ്റുകളുടെ വില കണക്കാക്കി നാലാഴ്‌ചയ്‌ക്കകം ഓരോ ഫ്ളാറ്റ് ഉടമയ്‌ക്കും നൽകേണ്ട യഥാർത്ഥ നഷ്ടപരിഹാരം തീരുമാനിക്കണം.താത്കാലിക നഷ്‌ടപരിഹാരമായി സർക്കാർ 25 ലക്ഷം രൂപ നൽകാനും അത് കെട്ടിട നിർമ്മാതാക്കൾ, നിർമ്മാണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്ന് ഈടാക്കാനും കോടതി വിധിച്ചിരുന്നു.