nirmala-

ന്യൂഡൽഹി : രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം ചെറുക്കുന്നതിനായി നാല് ആഴ്ചകൾക്കിടയിൽ നാല് ഉത്തേജന പാക്കേജുകൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. കോർപ്പറേറ്റുകൾക്കും, വ്യവസായ മേഖലയ്ക്കും സഹായകമായ നടപടികളായിരുന്നു ഈ പാക്കേജുകളിലുണ്ടായിരുന്നത്. എന്നാൽ അടുത്തതായി ധനമന്ത്രാലയം രാജ്യത്തെ ഇടത്തരം വരുമാനക്കാർക്ക് വേണ്ടി ആശ്വാസ്യകരമായ തീരുമാനമെടുക്കുമെന്ന് റിപ്പോർട്ടുകൾ. ആദായനികുതി അടയ്ക്കുന്ന ഇടത്തരക്കാർക്ക് കൂടുതൽ ഇളവുകൾ നൽകി അവരുടെ വാങ്ങൽ ശേഷി കൂട്ടുവാനാണ് കേന്ദ്രം ആലോചിക്കുന്നത്. നിലവിലെ ആദായനികുതി സ്ളാബ് പ്രകാരം അഞ്ചു ലക്ഷത്തിനും പത്തുലക്ഷത്തിനുമിടയിൽ വരുമാനമുള്ളവരുടെ നികുതി സ്ലാബ് 10 ശതമാനത്തിലേയ്ക്ക് കുറയ്ക്കണമെന്നതാണ് പ്രധാന നിർദേശം. ഇപ്പോൾ ഈ സ്ലാബിലുള്ളവർക്ക് 20 ശതമാനമാണ് നികുതി നൽകാനായി നിശ്ചയിച്ചിരിക്കുന്നത്. വരുമാനം ഇതിനുമുകളിലുള്ളവരുടെ സ്ളാബ് മുപ്പതിൽ നിന്നും ഇരുപത്തഞ്ച് ശതമാനമായും കുറച്ചേക്കും.

tax

രാജ്യത്ത് ദീപാവലി ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുൻപേ ആദായനികുതിയിലെ പരിഷ്‌കരണം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൻ പ്രകാരം മിച്ചം വരുന്ന തുക ഉത്സവകാലത്ത് വിപണിയിൽ എത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു. ആദായ നികുതി നിയമം പരിഷ്‌കരിക്കുന്നതിന് വേണ്ടി നിയമിച്ച ഡയറക്ട് ടാക്സ് കോഡ് ടാസ്‌ക് ഫോഴ്സ് ആഗസ്റ്റിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യത്തെ വളർച്ചാ നിരക്ക് കഴിഞ്ഞ ആറുവർഷത്തെ അപേക്ഷിച്ച് താഴ്ന്നതിനെ തുടർന്നാണ് സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കാൻ കേന്ദ്ര ധനമന്ത്രാലയം നിർബന്ധിതമായത്. കോർപ്പറേറ്റ് മേഖലയ്ക്ക് പ്രതീക്ഷ പകർന്ന് കമ്പനികളുടെ കോർപ്പറേറ്റ് ടാക്സ് ഇരുപത്തിരണ്ട് ശതമാനമായി കുറച്ചിരുന്നു. മുൻപിത് മുപ്പത് ശതമാനമായിരുന്നു.