ലക്നൗ: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനം. ആഭ്യന്തര സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശികളെയും അനധികൃതമായി താമസിക്കുന്ന മറ്റ് വിദേശികളെയും കണ്ടെത്താൻ ഡി.ജി.പി ഒ.പി. സിംഗ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് അത്യാവശ്യമാണ് ഈ നടപടിയെന്ന് ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാർക്ക് ഇന്നലെ അയച്ച സർക്കുലറിൽ
പറയുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നത് സമയബന്ധിതവും മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലുമായിരിക്കും.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മറ്റ് യാത്രാ കേന്ദ്രങ്ങൾ, ചേരികൾ തുടങ്ങിയ ഇടങ്ങളിലും റോഡരികിലെ താമസക്കാരെയും നിരീക്ഷിക്കാനും സംശയം തോന്നുന്നവരുടെ രേഖകൾ പരിശോധിക്കുകയും ദൃശ്യങ്ങൾ പകർത്താനുമാണ് നിർദ്ദേശം. സംശയമുള്ളവരുടെ വിരലടയാളം ശേഖരിക്കാനും നിർദ്ദേശമുണ്ട്. ഇത്തരക്കാർക്ക് കള്ള സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നടപടികളെടുക്കാനും നിർദ്ദേശമുണ്ട്.
അസാമിൽ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) പ്രസിദ്ധീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിലവിലുള്ള താമസക്കാരിൽ 19 ലക്ഷം പേരാണ് പൗരത്വം തെളിയിച്ചില്ല എന്ന കാരണത്താൽ പട്ടികയ്ക്ക് പുറത്തു പോയത്. അസാമിലെ പൗരത്വ പട്ടികയെ പിന്തുണച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വേണമെങ്കിൽ തന്റെ സംസ്ഥാനത്തും അത് നടപ്പിൽ വരുത്തുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.