തിരുവന്തപുരം: സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് ഒന്നാമതെത്തിയ മികവിലാണ് കേരളം. നീതി ആയോഗ് തയ്യാറാക്കിയ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. വിദ്യാർത്ഥികളുടെ മികച്ച പഠനഫലം, നല്ല ഫലം നേടാൻ സഹായിച്ച ഭരണപ്രക്രിയകൾ എന്നിവ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് സംസ്ഥാനത്തിന്റെ പ്രകടനം വിലയിരുത്തിയത്. പഠനഫലങ്ങളെ തന്നെ നാലായി തിരിച്ചായിരുന്നു ഗുണനിലവാര പട്ടിക തയ്യാറാക്കൽ. വിദ്യാർത്ഥികളുടെ പരിജ്ഞാനം, പ്രവേശന മികവ്, പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ,അവയുടെ തുല്യമായ വിതരണം എന്നിവയാണ് കണക്കിലെടുത്തത്. ഇതിൽ വിദ്യാർത്ഥികളുടെ പഠനമികവ് ആണ് കൂടുതൽ മാർക്ക് നേടുന്നതിന് കേരളത്തിലെ സ്കൂളുകളെ പ്രാപ്തമാക്കിയത്.
ഈ വിഭാഗത്തിൽ രാജസ്ഥാൻ, കർണ്ണാടക എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വലിയ സംസ്ഥാനങ്ങളിൽ 36.4 ശതമാനം സ്‌കോർ നേടിയ ഉത്തർപ്രദേശാണ് അവസാന സ്ഥാനത്ത്. ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളും സൂചികയിൽ മികച്ച പ്രകടനത്തോടെ മുന്നിലെത്തി. ഉത്തർപ്രദേശാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. വിദ്യാഭ്യാസ നിലവാരത്തിൽ രാജ്യത്തെ സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
76.6 ശതമാനത്തോടെയാണ് കേരളം നീതി ആയോഗിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. അവസാന സ്ഥാനത്തുള്ള ഉത്തർപ്രദേശിന് 36.4 ശതമാനം മാത്രമേ നേടാനായൂള്ളു. ചെറു സംസ്ഥാനങ്ങളുടെ പട്ടികയിൽ മണിപ്പൂർ, ത്രിപുര, ഗോവ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. അരുണാചൽ പ്രദേശാണ് ഈ പട്ടികയിൽ ഏറ്റവും പിന്നിൽ. കേന്ദ്ര ഭരണപ്രദേശങ്ങളിൽ ചണ്ഡീഗഢും, ദാദ്ര ആൻഡ് നാഗർ ഹവേലിയും ഡൽഹിയും സൂചികയുടെ മുൻനിരയിൽ ഇടം നേടിയപ്പോൾ ലക്ഷദ്വീപ് ഏറ്റവും പിന്നിലായി.
ശ്രദ്ധ, മധുരം മലയാളം, സുരിലി ഹിന്ദി, ഗണിതം വിജയം തുടങ്ങിയ സംരംഭങ്ങൾ അക്കാദമിക് നിലവാരം ഗണ്യമായി ഉയർത്താൻ സംസ്ഥാനത്തെ സഹായിച്ചതായി വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറയുന്നു. മിടുക്കരായ വിദ്യാർത്ഥികളെ പുതിയ വിജ്ഞാന മേഖലകൾ തേടാൻ സഹായിച്ചുകൊണ്ട് സ്കൂൾ പാഠ്യപദ്ധതിക്ക് മാറ്റം വരുത്തി. ഒപ്പം തന്നെ ശരാശരിയിലും താഴെയുള്ള വിദ്യാർത്ഥികളെ സഹായിക്കാനും പ്രത്യേകം ശ്രദ്ധ ചെലുത്തിയതായും അദ്ദേഹം പറഞ്ഞു.
മലയാള ഭാഷയിലെ പഠന-സംസാര വൈദഗ്ദ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മധുരം മലയാള സംരംഭം. എല്ലാ അപ്പർ പ്രൈമറി സ്കൂളുകളിലും ഹിന്ദി പഠനം മെച്ചപ്പെടുത്തുന്നതിനായി സുരിലി ഹിന്ദി അവതരിപ്പിച്ചു. കണക്കിൽ പിന്തുണ വേണ്ട വിദ്യാർത്ഥികൾക്കായി ഗണിതം വിജയം എന്ന വിദ്യാഭ്യാസ പദ്ധതി അവതരിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2016-17 വർഷത്തെ പ്രകടനം അനുസരിച്ചാണ് ഇപ്പോഴത്തെ ഗുണനിലവാര സൂചിക തയ്യാറാക്കിയത്. ഇതിനായി പഠന സാഹചര്യങ്ങൾ പ്രകടനം അടക്കം മുപ്പത് ഘടകങ്ങൾ നീതി ആയോഗ് പരിഗണിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ടു പോകുന്നുവെന്നതിന് ഏറ്റവും നല്ല തെളിവാണ് സംസ്ഥാനത്തിന് ലഭിച്ച ഈ നേട്ടം. ഈ ഉജ്ജ്വല നേട്ടത്തിന് കാരണക്കാരായ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷാകർത്താക്കൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ ഏറ്റെടുത്ത പൊതുജനങ്ങൾ- എല്ലാവർക്കും നിറഞ്ഞ ഹൃദയത്തോടെ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
‘ഫലപ്രാപ്തി അധിഷ്ഠിത പാഠ്യപദ്ധതി മാറ്റി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ആധുനിക പാഠ്യപദ്ധതി എൽ.ഡി.എഫ് സർക്കാർ നടപ്പാക്കി. പരീക്ഷയ്ക്കായി ഇത്രമാത്രം പഠിച്ചാൽ മതി എന്ന സങ്കൽപ്പത്തിന് പകരം ഓരോ വിദ്യാർഥിയുടെയും ശേഷിക്ക് അനുസൃതമായി വളരാനുള്ള വഴിതെളിക്കുന്നതാണ് പുതിയരീതി. ഭാഷ, ഗണിതശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കാൻ പ്രത്യേക പദ്ധതിയുണ്ടാക്കി.
മധുരം മലയാളം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി പദ്ധതികളിലൂടെ കുട്ടികളുടെ ഭാഷാശേഷി പരിപോഷിപ്പിച്ചു. കണക്കിനെ പേടിച്ചിരുന്ന കുട്ടികളെ ‘ഗണിതം വിജയ’ത്തിലൂടെ അക്കങ്ങളുമായി ചങ്ങാത്തത്തിലാക്കി. പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ ഏതുതരം പിന്നോക്കാവസ്ഥയും പരിഹരിക്കാൻ ‘ശ്രദ്ധ’ പദ്ധതി നടപ്പാക്കി. ശാസ്ത്ര വിഷയങ്ങളിൽ താൽപ്പര്യം വളർത്താൻ സ്കൂളുകളിൽ ഹൈടെക് ലാബുകളും ശാസ്ത്ര പാർക്കും സ്ഥാപിച്ചു. 45,000 ക്ലാസ് റൂമുകൾ ഹൈടെക് ആക്കി. പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് നിർമാണം പുരോഗമിക്കുന്നു. എല്ലാ സ്കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് കേരളം‘-അദ്ദേഹം വ്യക്തമാക്കി.