nitin-gadkary

ന്യൂഡൽഹി: ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ധാരണ ഉത്തരവായി ഇറക്കാത്തതിനാണ് ഗഡ്കരി ഉദ്യോഗസ്ഥരെ വഴക്ക് പറഞ്ഞത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട തുടർ നടപടികളെപ്പറ്റി ചർച്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോഴാണ് സംഭവം.

ഇതിന് വേണ്ടി മുഖ്യമന്ത്രിക്ക് ഡൽഹിവരെ വരേണ്ടി വന്നത് അപമാനകരമാണെന്നും ഗഡ്കരി പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ ചെലവിന്റെ 25% വഹിക്കാമെന്ന് കേരളം പറഞ്ഞിട്ടും നടപടിയാവാത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

ഉടൻ ഉത്തരവ് ഇറക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുമെന്നും ഗഡ്കരി താക്കീത് ചെയ്തു. ഉദ്യോഗസ്ഥരുടെ അഴിമതി തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ബുൾഡോസർ കയറ്റി ഇറക്കിയാലെ ഉദ്യോഗസ്ഥർ പഠിക്കുകയുള്ളോ എന്നും മന്ത്രി ചോദിച്ചു.