ഇസ്ലാമബാദ്:ഐക്യരാഷ്‌ട്ര പൊതുസഭയിൽ കാശ്‌മീർ പ്രശ്‌നം ഉന്നയിച്ച
പരിവേഷവുമായി പാകിസ്ഥാനിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ദീർഘകാലമായി യു. എന്നിലെ സ്ഥിരം പാക് പ്രതിനിധിയായിരുന്ന മലീഹ ലോധിയെ മാറ്റി. പകരം ഇന്ത്യാ വിരുദ്ധനെന്ന് കുപ്രസിദ്ധി നേടിയ മുൻ സ്ഥിരം പ്രതിനിധി മുനീർ അക്രമിനെ പതിനഞ്ച് വർഷത്തിന് ശേഷം വീണ്ടും ആ സ്ഥാനത്ത് നിയമിച്ചു.
കാശ്‌മീർ പ്രശ്നത്തിലടക്കം യു.എന്നിലെ അംഗരാഷ്ട്രങ്ങളുടെ പിന്തുണ നേടാൻ പാകിസ്ഥാന് കഴിയാതിരുന്നതാണ് മലീഹയുടെ സ്ഥാനം തെറിക്കാൻ ഇടയാക്കിയത്.
ബേനസീർ ഭൂട്ടോ, നവാസ് ഷെരീഫ്, പർവേസ് മുഷാറഫ് ഭരണകൂടങ്ങളുടെ കാലം മുതൽ മലീഹ ലോധി അമേരിക്കയിലെ പാകിസ്ഥാൻ അംബാസഡറായോ, യു. എന്നിലെ പ്രതിനിധിയായോ പ്രവർത്തിച്ചു വരികയായിരുന്നു. ഇമ്രാൻ ഖാന്റെ യു. എന്നിലെ കന്നി പ്രസംഗത്തിനും പിന്നീട് നടത്തിയ പത്രസമ്മേളനത്തിനും മലീഹ ലോധി ചുക്കാൻ പിടിച്ചിരുന്നു.
എന്നാൽ ഇമ്രാന്റെ യു. എൻ പ്രസംഗവും പത്രസമ്മേളനവും ലോകത്തിന് നേരെ ആണവയുദ്ധ ഭീതി വരെ ഉയർത്തിയ അബദ്ധമായെന്ന് ലോകമാദ്ധ്യമങ്ങളിൽ ശക്തമായ ആക്ഷേപം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മലീഹയെ മാറ്റിയതെന്നും റിപ്പോർട്ടുണ്ട്. അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടിയ ഗംഭീര വരവേൽപ്പ് ഇമ്രാന്റെ യു. എസ് സന്ദർശനത്തിന്റെ നിറം കെടുത്തുകയും ചെയ്‌തിരുന്നു.
മുനീർ അക്രം
2002 മുതൽ 2008 വരെ യു.എന്നിൽ ഈ പദവി വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് മുനീർ അക്രം. ഗാർഹിക പീഡനക്കേസിൽ അമേരിക്കൻ നിയമം പിടി മുറുക്കിയതിനെ തുടർന്ന് യു. എൻ പ്രതിനിധി സ്ഥാനത്ത് നിന്ന് 2003ൽ മുനീർ അക്രമിനെ തിരിച്ചു വിളിക്കുകയായിരുന്നു. ലിവ് ഇൻ പങ്കാളിയായിരുന്ന മാരിജാന മിഹിക്കിനെ മർദ്ദിച്ച കേസിന്റെ പേരിൽ മുനീറിന്റെ നയതന്ത്ര പരിരക്ഷ പിൻവലിക്കാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുനീറിനെ തിരിച്ചു വിളിച്ചത്. ഗാർഹിക പീഡനക്കേസ് പിന്നീട് കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കിയിരുന്നു. കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകൾക്കും വിദ്വേഷ പ്രസ്‌താവനകൾക്കും പണ്ടേ കുപ്രസിദ്ധനായ മുനീറിനെ വീണ്ടും നിയമിച്ചത്, കാശ്‌മീർ പ്രശ്നം രൂക്ഷമായ പശ്ചാത്തലത്തിൽ പാകിസ്ഥാന്റെ കടുത്ത നിലപാടുകൾക്ക് ബലം പകരാനാണ്.