pinarayi-vijayan

ന്യൂഡൽഹി: ബന്ദിപ്പൂർ യാത്ര നിരോധനത്തെ സംബന്ധിച്ച സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രമന്ത്രിമാരെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതിയുടെ നിർദേശമുള്ളതുകൊണ്ടു തന്നെ വളരെ പരിമിതമായി മാത്രമേ സർക്കാരിന് ഇക്കാര്യത്തിൽ ഇടപെടാൻ കഴിയുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചുവെന്നും, എന്നാൽ ഒരു വിദഗ്‌ദ്ധ സമിതിയെ ഇക്കാര്യം പരിശോധിക്കാൻ നിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും പിണറായി വിജയൻ വ്യക്തമാക്കി. ഡൽഹിയിൽ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി, പ്രകാശ് ജാവദേക്കർ എന്നിവരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമിതി റിപ്പോർട്ടിലെ വിവരങ്ങൾ സുപ്രീം കോടതിയെ വിശദമായി ധരിപ്പിക്കുമെന്ന് പ്രകാശ് ജാവദേക്കർ ഉറപ്പു നൽകിയിട്ടുണ്ട്. സമിതിയ്‌ക്ക് മുന്നിൽ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വന്നകാലതാമസത്തിൽ ശക്തമായ നിലപാടാണ് ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദേശീയപാത വികസന വിഷയത്തിന്റെ ഗൗരവം ഗഡ്കരി ഉൾക്കൊണ്ടിട്ടുണ്ട്. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് വരുന്ന അധികച്ചെലവിൽ ഒരു വിഹിതം ഏറ്റെടുക്കാമെന്ന ശുപാർശ കേരളം നൽകിയിരുന്നു. അതിൽ തീരുമാനം നീണ്ടു പോയതിലുള്ള അതൃപ്തി ഗഡ്കരി ഉദ്യോഗസ്ഥരെ അറിയിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള ഇരുപത്തിയൊന്നായിരം കോടി രൂപയുടെ 25 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് കേരളം അറിയിച്ചിരുന്നു. ഇന്നു തന്നെ അംഗീകാരം നൽകാമെന്ന് ഗഡ്കരി അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് പുരിയോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ വിമാനകമ്പനികൾ കൂടുതൽ ഇളവ് നൽകാൻ തയ്യാറാകണമെന്ന കാര്യം വ്യോമയാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.