തിരുവനന്തപുരം: പതിറ്റാണ്ടിലേറെ തിരുവനന്തപുരത്ത് കവടിയാർ ജവഹർ നഗറിലും പരിസരത്തും നടന്ന ചെറുതും വലുതുമായ മോഷണങ്ങളിൽ തുമ്പില്ലാതെ വിഷമിച്ച പൊലീസ് സിസി ടിവി ദൃശ്യത്തെ തുടർന്ന് കൈയിൽ കിട്ടിയ പ്രതിയെ കണ്ട് ഞെട്ടി. നൈറ്റ് പട്രോളിംഗിനിടെ പല തവണ അസമയത്ത് ജവഹർ നഗറിലും പരിസരത്തും വച്ച് സംശയകരമായ സാഹചര്യത്തിൽ പിടികൂടി നിരപരാധിയെന്ന് തോന്നി വിട്ടയയ്ക്കപ്പെട്ടവൻ യഥാർത്ഥ മോഷ്ടാവായി ദേ, മുന്നിൽ നിൽക്കുന്നു. നഗരത്തിലെ ചില തയ്യൽക്കടകൾ കേന്ദ്രീകരിച്ച് വർഷങ്ങളായി സിനിമക്കാരുടെയും നാടകട്രൂപ്പുകാരുടെയും കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചുവന്ന കവടിയാർ ചരുവിളാകത്ത് വീട്ടിൽ കലകുമാർ (55) മോഷണം ലക്ഷ്യമിട്ട് രാത്രി കറങ്ങുന്നതിനിടെയാണ് പലതവണ പൊലീസിന്റെ പിടിയിലകപ്പെട്ടിട്ടുളളത്. ഒറ്റനോട്ടത്തിൽ കള്ളനാണെന്ന് തോന്നാത്തതിനാലും തുന്നൽപണി കഴിഞ്ഞ് വൈകി വരുന്നതാണെന്ന മറുപടി വിശ്വസിച്ചുമാണ് പൊലീസ് കലകുമാറിനെ പലപ്പോഴും വെറുതെ വിട്ടത്.
അടുത്തിടെ ജവഹർ നഗറിലെ ഒരു വീട്ടിൽ നിന്ന് മോഷണം നടത്തി മടങ്ങുന്നതിന്റെ ദൃശ്യം സിസി ടിവി കാമറയിൽ പതിഞ്ഞതോടെയാണ് കലകുമാർ പൊലീസിന്റെ നോട്ടപ്പുള്ളിയായത്. വിരലടയാളവും ദൃശ്യങ്ങളും പരിശോധിച്ചതിൽ പൊലീസിന്റെ ഹിറ്റ് ലിസ്റ്റിൽപ്പെട്ടയാളല്ലെന്ന് മനസിലാക്കിയ പൊലീസ്, ദൃശ്യങ്ങൾ പ്രദേശവാസികളായ പലരെയും കാണിച്ചു. ഒറ്റനോട്ടത്തിൽ തന്നെ കലകുമാറാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു. കുടുംബവീട്ടിൽ തനിച്ച് താമസിക്കുന്ന കലകുമാറിനായി
പൊലീസ് വലവിരിച്ചു.
പൊലീസിന്റെ നീക്കങ്ങളെപ്പറ്റി നാട്ടുകാരിൽ ആരിൽ നിന്നോ സൂചന ലഭിച്ച കലകുമാർ ആറ്റിങ്ങലിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ വേഷപ്രച്ഛന്നനായി താമസം തുടങ്ങി. പാസ്റ്റർമാരെപ്പോലെ ക്ലീൻ ഷേവ് ചെയ്തും വേഷവിധാനങ്ങളിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയും ഒളിവിൽ കഴിഞ്ഞെങ്കിലും നിഴൽപോലെ പിന്തുടർന്ന ഷാഡോ പൊലീസ് കലകുമാറിനെ പിടികൂടി. സിസി ടിവി ദൃശ്യങ്ങൾ കാണിച്ചതോടെ കുറ്റം സമ്മതിച്ചു. തയ്യലിൽ നിന്ന് വരുമാനം കുറവായതിനാൽ മദ്യപിക്കാനും ആഡംബര ജീവിതത്തിനും വക കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് സമ്മതിച്ചു. വിരലടയാളം ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് ജവഹർ നഗറിൽ നടന്ന മോഷണത്തിലുൾപ്പെടെ കലകുമാറിന്റെ കരവിരുത് പൊലീസ് തിരിച്ചറിഞ്ഞത്. വിരലടയാളത്തിൽ നിന്ന് മാത്രം ചെറുതും വലുതുമായ രണ്ട് ഡസനോളം മോഷണങ്ങൾ കലകുമാർ നടത്തിയതായി സ്ഥിരീകരിച്ചു.
സെല്ലോടേപ്പും ആയുധം
സാധാരണ മോഷ്ടാക്കളിൽ നിന്ന് വ്യത്യസ്തമാണ് കലകുമാറിന്റെ മോഷണ രീതി. കൂട്ടാളികളെ കൂട്ടാറില്ല. പകൽ സമയത്ത് കറങ്ങിനടന്ന് ആളില്ലാത്ത വീടുകൾ മനസിലാക്കിയ ശേഷമായതിനാൽ വീട്ടുകാരെയോ സാഹചര്യങ്ങളെയോ ഭയക്കേണ്ടതില്ല. വീടിന്റെ ജനലഴികൾ അറുത്താണ് കയറുന്നത്. പെയിന്റ് ചെയ്ത ഒന്നോ രണ്ടോ കമ്പിയഴികൾ അറുത്ത് മാറ്റിയാൽ മതി മെലിഞ്ഞ പ്രകൃതക്കാരനായ കലകുമാറിന് അനായാസം അകത്ത് കടക്കാം. മോഷണം നടത്തിയശേഷം തിരിച്ചിറങ്ങുമ്പോൾ കൈവശം കരുതിയിട്ടുള്ള ബ്ളാക്ക് കളർ സെല്ലോ ടേപ്പ് ഉപയോഗിച്ച് ജനലഴി ഒട്ടിച്ച് പെട്ടെന്ന് തിരിച്ചറിയാത്ത വിധമാക്കി വച്ചശേഷമാണ് സ്ഥലം വിടുന്നത്. അതിനാൽ, വീട്ടുകാർ തിരിച്ചെത്തിയാൽതന്നെ മോഷണം തിരിച്ചറിയാൻ വൈകും. കതകും ജനലും പൊളിക്കാത്തതിനാൽ പുറത്ത് നിന്നുള്ള ആരെങ്കിലുമെത്തിയെന്ന് വിശ്വസിക്കാനും കഴിയില്ല.
വീട്ടിലുള്ളവരെ തന്നെ സംശയിക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനാൽ പല കേസുകളിലും പരാതി നൽകാൻ പോലും വീട്ടുകാരും കൂട്ടാക്കാറില്ല. ഇതും ഇത്രകാലവും കലകുമാറിന്റെ മോഷണങ്ങൾ പിടിക്കപ്പെടാതിരിക്കാൻ കാരണമായി. മോഷണ വസ്തുക്കളെല്ലാം തമിഴ്നാട്ടിൽ വിറ്റഴിച്ചതും അത്തരത്തിലുള്ള സൂചനകൾ പൊലീസിന് ലഭിക്കാതിരിക്കാൻ കാരണമായി. വരുംദിവസങ്ങളിൽ കലകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ കൂടുതൽ കേസുകൾക്ക് തുമ്പുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.