child-death

ബർവാനി: പട്ടിണിമൂലം മദ്ധ്യപ്രദേശിൽ എട്ടു വയസുകാരൻ മരിച്ചതായി റിപ്പോർട്ട്. കുടുംബത്തിലെ മറ്റ് അഞ്ചു പേരെ ഛർദ്ദിയെയും അതിസാരത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർവാനി ജില്ലയിലെ സെൻധ്വയിലാണ് സംഭവം. രത്തൻകുമാർ എന്നയാളുടെ മകനാണ് മരിച്ചത്. കുടുംബാംഗങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഇവരെ പരിശോധിച്ച ഡോക്ടർ അറിയിച്ചു.

റേഷൻ കാർഡില്ലാത്തതിനാൽ കുറഞ്ഞ വിലയ്ക്കു കിട്ടുന്ന അരിയോ മറ്റ് ആഹാരസാധനങ്ങളോ ഇവർക്ക് കിട്ടിയിരുന്നില്ല. അയൽവാസികൾ നൽകുന്ന അരിയും ഗോതമ്പും കഴിച്ചാണ് ഇവർ ജീവൻ നിലനിർത്തിയിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇവർക്ക് യാതൊരു സർക്കാർ സഹായവും ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേട്ട് നിർദ്ദേശം നൽകി. ഇവർക്ക് റേഷൻ കാർഡ് നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. കഴിഞ്ഞദിവസം മദ്ധ്യപ്രദേശിലെ സാഗറിൽ ഗോതമ്പു വാങ്ങാനുള്ള പണത്തിനായി ക്ഷേത്ര ഭണ്ഡാരപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ച ബാലികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.