ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സനലും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മക് ടോമിനെയുടെ ഗോളിൽ ആതിഥേയരാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ വീഡിയോ അസിസ്റ്റ്ന്റ് റഫറിയുടെ കൂടെ സഹായത്താൽ ഔബമെയാംഗ് നേടിയ ഗോളിൽ ആഴ്സനൽ സമനില പിടിക്കുകയായിരുന്നു.
7 മത്സരങ്ങളിൽ നിന്ന് 3 ജയമുൾപ്പടെ 12 പോയിന്റുമായി 4-ാം സ്ഥാനത്താണിപ്പോൾ ആഴ്സനൽ. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെക്കാൾ 9പോയിന്റ് പിന്നിലാണവർ.
അതേ സമയം ഏറെ പരിതാപകരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസ്ഥ. 7 മത്സരങ്ങൾ കഴിഞ്ഞിട്ടും പോയിന്റ് രണ്ടക്കത്തിൽ എത്തിക്കാൻ അവർക്കായിട്ടില്ല. സീസണിൽ രണ്ട് ജയം മാത്രം നേടാനായ അവർ 9 പോയിന്റുമായി പത്താം സ്ഥാനത്താണ്. 30 വർഷത്തിനിടെ പ്രിമിയർ ലീഗിൽ യുണൈറ്ററഡിന്റെ ഏറ്റവും മോശം തുടക്കമാണിത്. അവസാനം കളിച്ച 6 ലീഗ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് യുണൈറ്റഡിന് ജയിക്കാനായത്.
45ാം മിനിട്ടിൽ റാഷ് ഫോർഡിൽ നിന്ന് കിട്ടിയ പന്തിൽ നിന്നാണ് മക് ടോമിനെ യുണൈറ്റഡിനെ മുന്നിൽ എത്തിക്കുന്നത്. ഈ ഗോളിന്റെ ലീഡിലാണ് യുണൈറ്റഡ് ഇടവേളയ്ക്ക് പിരിഞ്ഞത്. തുടർന്ന് രണ്ടാം പകുതിയിൽ അമ്പത്തിയഞ്ചാം മിനിട്ടിൽ മനോഹരമായ പ്ലേസിംഗിലൂടെ ഔബമെയാംഗ് ആഴ്സനലിന് സമനില സമ്മാനിക്കുകയായിരുന്നു. ലൈൻ റഫറി ഔബയ്ക്കെതിരെ ഓഫ് സൈഡ് കൊടി ഉയർത്തിയെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി ആഴ്സനലിന്റെ സഹായത്തിനെത്തുകയായിരുന്നു. മാഞ്ചസ്റ്റർ പ്രതിരോധത്തിന്റെ പിഴവിൽ നിന്നാണ് ആഴ്സസനലിന്റെ ഗോൾ വന്നത്. തുടർന്ന് ലീഡ് നേടാൻ യുണൈറ്റഡ് തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ആഴ്സനൽ ഗോളി ബെർനാർഡ് ലെനോയുടെ സേവുകളും പ്രതിരോധത്തിന്റെ ഇടപെടലുകളും അവർക്ക് പാരയാവുകയായിരുന്നു.