കോഴിക്കോട്: കാർട്ടൂണിസ്റ്റ് എം. ദിലീഫ് നിർമ്മിക്കുന്ന ഖുങറാൻ കാലിഗ്രാഫി പൂർത്തിയാവുമ്പോൾ അതൊരു ചരിത്രമാകും. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുറാൻ കാലിഗ്രാഫിക്കാണ് കോഴിക്കോട് മുക്കം നെല്ലിക്കാപ്പറമ്പ് സ്വദേശിയായ ദിലീഫ് ജീവൻ നൽകുന്നത്.
ഒരു കിലോമീറ്റർ നീളമുള്ള ഖുറാൻ 30 മുതൽ നവംബർ 9 വരെ ഷാർജ ഇന്റർനാഷണൽ ബുക്‌ഫെയറിൽ പ്രദർശിപ്പിക്കും. ഈജിപ്‌തുകാരനായ മുഹമ്മദ് സാദിന്റെ 700 മീറ്റർ ഗിന്നസ് വേൾഡ് റെക്കാഡാണ് എം. ദിലീഫ് തകർക്കാനൊരുങ്ങുന്നത്. ഏഴ് മാസം കൊണ്ടാണ് കാലിഗ്രാഫിയുടെ 300 മീറ്ററർ പൂർത്തിയാക്കിയത്. ഷാർജയിലെ ഇന്റർനാഷണൽ ബുക്‌ഫെയറിൽ വച്ച് രണ്ടാംഘട്ടം പൂർത്തിയാക്കും. തുടർന്ന് തുർക്കി, യു.കെ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശിപ്പിക്കും.
ലിംക ബുക്ക് ഒഫ് റെക്കാഡ്, ഗിന്നസ് റെക്കാഡ്, അറേബ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കാഡ്, 'ടൈം"വേൾഡ് റെക്കാഡ് എന്നിവയും ഇന്റർനാഷണൽ സൊസൈറ്റി ഒഫ് കാരിക്കേച്ചർ ആർട്ടിസ്റ്റ് അസോസിയേഷനിലെ ഏക പ്രതിനിധിയായ ദിലീഫ് നേടിയിട്ടുണ്ട്.
ദിലീഫ് ആർട്ട് ഗാലറി എൽ.എൽ.പി കമ്പനിയുടെ ചെയർമാനും ഗിന്നസ് റെക്കാഡ് ഹോൾഡേഴ്സ് കമ്മ്യൂണിന്റെ അഖിലേന്ത്യാ ട്രഷററുമാണ്.
ദിലീഫിന്റെ ഖുറാൻ കാലിഗ്രാഫ് കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ പ്രദർശിപ്പിച്ചു. എം.കെ. മുനീർ എം.എൽ.എ കാലിഗ്രാഫി ഏറ്റുവാങ്ങി. മജീദ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ്, മിശ്കാൽ മസ്ജിദ് സെക്രട്ടറി ഉമ്മർ, ബ്രദർ ബിജോയ്, സി.കെ. സുബൈർ, കെ.സി. അൻവർ, കെ.പി.യു. അലി, മുനീർ ലൗഷോർ, സാലിം ജീറോഡ് എന്നിവർ പങ്കെടുത്തു.