amit-shah

കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലിയുള്ള പശ്ചിമ ബംഗാൾ ജനതയുടെ ആശങ്കകൾ അകറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിൽ അഭയാർത്ഥികളായി കഴിയുന്ന ഒറ്റയാളെ പോലും കേന്ദ്ര സർക്കാർ പുറത്താക്കില്ലെന്നും എന്നാൽ നുഴഞ്ഞുകയറിയ ഒരാളെപ്പോലും രാജ്യത്ത് കഴിയാൻ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിലെ കുറിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തെറ്റിദ്ധാരണകൾ പരത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. പൗരത്വ രജിസ്റ്റർ ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുൻപ് പലപ്പോഴും മമത പറഞ്ഞിരുന്നു.

'ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ഹിന്ദു, ബുദ്ധിസ്റ്റ്, സിഖ്, ജെയിൻ, ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവർക്ക് ഒരിക്കലും രാജ്യം വിടേണ്ടി വരില്ല. പൗരത്വ രജിസ്റ്റർ നടപ്പാക്കും മുൻപ്, ബംഗാളിൽ പൗരത്വ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തും. അതോടുകൂടി ഇവിടെ അഭയാർഥികളായി കഴിയുന്നവർക്ക് പൗരത്വം ലഭിക്കും. ഇത് നടപ്പാക്കി കഴിഞ്ഞ ശേഷം സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരും. തുടർന്ന് നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും, അവരെ രാജ്യത്ത് നിന്നും പുറന്തള്ളുകയും ചെയ്യും.' കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

വീടുവീടാന്തരം കയറിയിറങ്ങി സംസ്ഥാനത്തെ അഭയാർത്ഥികളെ ഓരോരുത്തരെയും കാണണമെന്നും പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും എന്താണെന്ന് അവർക്ക് മനസിലാക്കി കൊടുക്കണമെന്നും അമിത് ഷാ പാർട്ടി പ്രവർത്തകരെ ഉപദേശിച്ചു. അവർക്ക് ആർക്കും പൗരത്വ രജിസ്റ്റർ മൂലം രാജ്യം വിടേണ്ടി വരില്ലെന്നും എൻ.ആർ.സിക്കെതിരെയുള്ള തൃണമൂൽ കോൺഗ്രസിന്റെ കുപ്രചരണത്തിൽ വഞ്ചിതരാകരുതെന്നും അവരെ ബോദ്ധ്യപ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പാർട്ടി പ്രവർത്തകരോടായി പറഞ്ഞു.